കൂടത്തായി കൊലപാതക പരമ്പര: നിയമോപദേശം തേടുമെന്ന് ഡിജിപി

കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

Last Updated : Oct 8, 2019, 02:02 PM IST
കൂടത്തായി കൊലപാതക പരമ്പര: നിയമോപദേശം തേടുമെന്ന് ഡിജിപി

തിരുവനന്തപുരം: കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കേസാണിത്. എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കും. ഈ വിഷയം എസ്.പി. കെ. ജി. സൈമണുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. കൂടാതെ, 2 ദിവസത്തിന് ശേഷം കൂടത്തായി സന്ദര്‍ശിക്കുമെന്നും അദ്ദേഹം  വ്യക്തമാക്കി. 

കൊലപാതങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങളായതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ പ്രധാനമാകുക. അത്തരം തെളിവുകള്‍ ശേഖരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധരേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തു൦. ഫോറന്‍സിക് തെളിവുകള്‍ കണ്ടെത്തുന്ന കാര്യം വെല്ലുവിളി നിറഞ്ഞതാണ്‌. ആ അവസരത്തില്‍ രാജ്യത്തെ സംവിധാനങ്ങള്‍ പര്യപ്തമെല്ലെങ്കില്‍ സാമ്പിളുകള്‍ വിദേശത്തേയ്ക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിഎന്‍എ പരിശോധന അമേരിക്കയില്‍ നടത്താന്‍ തീരുമാനിച്ചതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

സയനൈഡ് എങ്ങനെ ലഭിച്ചു എന്നത് കേസില്‍ നിര്‍ണ്ണായകമാണ്. ഈ വിഷയം പ്രത്യേകമായി അന്വേഷിക്കും. നേരിട്ടും അല്ലാതെയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും ചോദ്യം ചെയ്യുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

 

Trending News