കെപിസിസി പുന:സംഘടന; ഒരാൾക്ക് ഒരു പദവിയിൽ തർക്കം രൂക്ഷം

കെപിസിസി പുനസംഘടനയിൽ നടക്കുന്ന 'ഒരാള്‍ക്ക് ഒരു പദവി'യില്‍ തര്‍ക്കം രൂക്ഷം. ഒരാൾക്ക് ഒരു പദവി എന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് അംഗീകരിക്കുന്നതിന് എ, ഐ ഗ്രൂപ്പുകൾ തയ്യാറാകുന്നില്ല.

Updated: Jan 16, 2020, 06:21 PM IST
കെപിസിസി പുന:സംഘടന; ഒരാൾക്ക് ഒരു പദവിയിൽ തർക്കം രൂക്ഷം

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയിൽ നടക്കുന്ന 'ഒരാള്‍ക്ക് ഒരു പദവി'യില്‍ തര്‍ക്കം രൂക്ഷം. ഒരാൾക്ക് ഒരു പദവി എന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് അംഗീകരിക്കുന്നതിന് എ, ഐ ഗ്രൂപ്പുകൾ തയ്യാറാകുന്നില്ല.

മുല്ലപ്പള്ളി മുന്നോട്ട് വെച്ച നിർദേശത്തോട് ഹൈക്കമാന്‍റും അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇതിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.  

എംപിമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും കെപിസിസി ഭാരവാഹികളായി തുടരുമെന്ന നിലപാടിലാണ്. നിലവിൽ വർക്കിംഗ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ എംപിമാരും എംഎൽഎമാരുമുണ്ട്. 

മറ്റ് സംസ്ഥാനങ്ങളിൽ വർക്കിംഗ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം ഇല്ലാതായി. എന്നാൽ കേരളത്തിൽ അത് തുടരുകയായിരുന്നു. 

അതു കൊണ്ട് തന്നെ വർക്കിംഗ് പ്രസിഡന്റ് വേണമോ ,വൈസ് പ്രസിഡന്റ് വേണമോ നിലവിലെ പോലെ ഇരു പദവികളും  വേണമോ എന്നതിലും ഹൈക്കമാന്റ് തീരുമാനമെടുക്കും. 

കൂടുതൽ എംഎൽഎമാരെയും എംപിമാരെയും കെപിസിസി ഭാരവാഹികളാക്കുന്നതിനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായി പരിഗണിക്കുന്നതും എംഎൽഎമാരെയാണ്. 

നിലവിലെ സാഹചര്യത്തിൽ ഗ്രൂപ്പുകൾ കടുംപിടുത്തം തുടർന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാന്റ് വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറായേക്കാം .

എന്നാൽ കൂടുതൽ യുവാക്കൾക്കും വനിതകൾക്കും പ്രതിനിധ്യം നൽകുന്നതിനും പ്രായപരിധിയിലും ഹൈക്കമാന്റ് കർശന നിർദേശമാകും മുന്നോട്ട് വെയ്ക്കുക .

70 വയസിന് മുകളിലുള്ളവരെ ഭാരവാഹികളാക്കണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്റ്. എന്നാൽ ഗ്രൂപ്പുകൾ തയ്യാറാക്കിയ പട്ടികയിലിടം പിടിച്ച ചിലർ 70 വയസിന് മുകളിലാണെന്നാണറിവ്. ഇക്കാര്യത്തിൽ മുല്ലപ്പള്ളി ഹൈക്കമാന്റ് നിലപാടിന് അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്.