സഞ്ചാരികളുമായെത്തിയ ബസ് കൊടുംവനത്തില്‍ കുടുങ്ങി; കിലോമീറ്ററുകളോളം നടന്ന് യാത്രക്കാര്‍

 യാത്രക്കാര്‍ കാട്ടാനയും, കാട്ടുപോത്തുകളുമടക്കമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 10:38 AM IST
  • സഞ്ചാരികളെ കൊടും വനത്തിനുള്ളിൽ കുടുക്കി കെഎസ്ആർടിസി
  • ആനത്തോടിനും പമ്പയ്ക്കുമിടയില്‍ വനത്തിനുള്ളിലായിരുന്നു ബസിന് തകരാര്‍ സംഭവിച്ചത്
  • സീതത്തോട് പഞ്ചായത്തിലെ വാഹനത്തില്‍ 7 യാത്രക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചു
സഞ്ചാരികളുമായെത്തിയ ബസ് കൊടുംവനത്തില്‍ കുടുങ്ങി; കിലോമീറ്ററുകളോളം  നടന്ന് യാത്രക്കാര്‍

സഞ്ചാരികളെ കൊടും വനത്തിനുള്ളിൽ കുടുക്കി കെഎസ്ആർടിസി ബസ്.  ഗവി കാണാന്‍ എത്തിയ സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് യാത്രാമധ്യേ കേടായി കൊടുംവനത്തില്‍ കുടുങ്ങിയത്. ആനത്തോടിനും പമ്പയ്ക്കുമിടയില്‍ വനത്തിനുള്ളിലായിരുന്നു ബസിന് തകരാര്‍ സംഭവിച്ചത്.

പത്തനംതിട്ടയില്‍ നിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട-ഗവി-കുമളി ബസാണ് മടങ്ങി വരുന്ന വഴി ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പ അണക്കെട്ട് കഴിഞ്ഞപ്പോള്‍ തകരാറിലായത്. ബസിലുണ്ടായിരുന്ന 28 യാത്രക്കാര്‍ ആനക്കാട്ടിലൂടെ ഏകദേശം 5 കിലോമീറ്ററോളം നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തുകയായിരുന്നു. രാത്രി ഏഴരയോടെ ഇതു വഴി വന്ന സീതത്തോട് പഞ്ചായത്തിലെ വാഹനത്തില്‍ 7 യാത്രക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചു.

ബാക്കി യാത്രക്കാരെ കൊണ്ടുപോകാന്‍ രാത്രി 10 മണിയോടെ മൂഴിയാറില്‍ സ്റ്റേയുള്ള കെഎസ്ആര്‍ടിസി ബസാണ് ആനത്തോട്ടിലെത്തിയത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു ബസിലെ യാത്രക്കാര്‍. യാത്രക്കാരിൽ 4 കുട്ടികളുമുണ്ടായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് കണ്ടക്ടര്‍ സാബുവിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ കാട്ടാനയും, കാട്ടുപോത്തുകളുമടക്കമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ എത്തുകയായിരുന്നു.

അടൂരില്‍ നിന്നെത്തിയ ഏഴംഗ കുടുംബത്തെ പഞ്ചായത്ത് വാഹനത്തില്‍ പത്തനംതിട്ടയില്‍ എത്തിച്ചു. പത്തനംതിട്ട ആങ്ങമൂഴി-മൂഴിയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂഴിയാര്‍ കെഎസ്ആര്‍ടിസി സ്റ്റേ ബസ് രാത്രി പത്ത് മണിയോടെ ആനത്തോട്ടില്‍ എത്തി പത്തനംതിട്ടയിലേക്കു തിരിച്ചതോടെയായിരുന്നു മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കു ആശ്വാസമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News