തിരുവനന്തപുരം: KSRTC യിലെ ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ സിഎംഡി വിളിച്ച് ചേര്‍ത്ത യോഗം പരാജയപ്പെട്ടു. ഇതോടെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ( KSRTC) യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വിവിധ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5, 6 തിയതികളിലും എംപ്ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി തുടങ്ങിയവരുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും എംപ്ളോയീസ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്‌ആര്‍ടിസി കടന്നുപോകുന്നത്. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ കെഎസ്‌ആര്‍ടിസിയില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും മൂന്നുമാസത്തെ കുടിശികയുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്ന് പെന്‍ഷന്‍ നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പ് വിശദീകരണം നല്‍കുന്നത്.
അതിനിടെയാണ് ശമ്പള പരിഷ്‌കരണം യൂണിയനുകള്‍ മുന്നോട്ടുവച്ചത്. ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ ജീവനക്കാരുടെ അതൃപ്തി ശക്തമാണ്. പത്തുവര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്.
ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ധനകാര്യ, ഗതാഗത വകുപ്പുകളിലെ മന്ത്രിമാരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംബന്ധിക്കുക. ഇതിന് മുന്നോടിയായാണ് യൂണിയന്‍ പ്രതിനിധികളുമായി സി എം ഡി ചര്‍ച്ച നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...