തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ ഇന്നും പ്രതിഷേധം.
ഇന്ന് കെ.എസ്.യു. പ്രവര്‍ത്തകരാണ് യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധിച്ചത്. കണ്ണൂരിലേയ്ക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്.
യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി വീശിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തിനു മുന്നിലേയ്ക്ക് ചാടി വീഴുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ വിമാനത്താവളത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്‍റെ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കിയിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ യെദ്യൂരപ്പയ്ക്ക് നേരെ ഇന്നലെയും പ്രതിഷേധം അരങ്ങേറിയിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്‍റെയും കെ.എസ്.യുവിന്റെയും പതിനേഴ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരുന്നു.
കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിന് കേരളത്തിലേയ്ക്ക് വന്ന കര്‍ണാടക മുഖ്യമന്ത്രി പദ്മനാഭ സ്വാമിയെ ദര്‍ശിക്കാന്‍ വേണ്ടിയാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്.