തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നൽകും. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് അച്ചടക്ക സമിതിയോഗമാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന്റേ പേരിൽ കെവി തോമസിനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.
ഇതിന് പിന്നാലെ എ.കെ ആന്റണി അധ്യക്ഷനായ ദേശീയ അച്ചടക്ക സമിതി കെവി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വിശദമായ മറുപടി കെ.വി തോമസ് അച്ചടക്ക സമിതിക്ക് നൽകും. സിപി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുളള സെമിനാറിൽ പങ്കടുത്തതിൽ തെറ്റില്ലെന്നാണ് കെവി തോമസിന്റെ നിലപാട്. ഇക്കാര്യം കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിൽ അദ്ദേഹം ചൂണ്ടികാട്ടും.
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരായ വിമർശനങ്ങളും മറുപടിയിൽ ഉണ്ടാകും. അച്ചടക്ക സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പ്രതികരിച്ചു. സംസ്ഥാന നേതൃത്വം മുൻവിധിയോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചയാണ് മറുപടി നൽകുന്നതിന് അച്ചടക്ക സമിതി കെവി തോമസിന് അനുവദിച്ചിരിക്കുന്ന സമയപരിധി. കെവി തോമസിന്റെ മറുപടി ലഭിച്ച ശേഷം വീണ്ടും അച്ചടക്ക സമിതി യോഗം ചേരും.
കെവി തോമസിനെതിരായ നടപടിയിൽ സോണിയാ ഗാന്ധിയായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കെവി തോമസിനെതിരെ കടുത്ത നടപടി വേണമന്നാണ് കെ.സുധാകരൻ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി കെവി തോമസ് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...