കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട്, പ്രതിപക്ഷം നന്നാവില്ല -മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Last Updated : Feb 29, 2020, 07:49 PM IST
കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട്, പ്രതിപക്ഷം നന്നാവില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

നാട് സന്തോഷിക്കുന്ന സമയത്ത്  ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്‍റെ പതിവാണെന്നും വിമര്‍ശനം എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ഇത്തരം നിലപാടുകള്‍ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മിച്ച രണ്ടു ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയശേഷം സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായത് നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ചോദ്യത്തിന് കഴമ്പുണ്ട്. 2017 മുതല്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടന്നത്. ഇതില്‍ പത്ത് വര്‍ഷത്തോളം യുഡിഎഫ് ആണ് ഭരിച്ചത്. എന്നാല്‍ ആര് ഭരിച്ചുവെന്നല്ല, എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നാണ് എല്‍ഡിഎഫ് പരിശോധിച്ചത്.

യുഡിഎഫ് നിര്‍മിച്ചുതുടങ്ങിയ വീടുകള്‍ ലൈഫില്‍ ഉണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. ഒന്നിച്ചുനീങ്ങാന്‍ ഇനിയും അവസരമുണ്ട്. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോള്‍ നിഷേധാത്മകനിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

നാല് ലക്ഷം വീടുകള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വച്ച് നല്‍കി. ഖജനാവില്‍ നിന്നും പൈസയെടുത്ത് പരസ്യം കൊടുത്ത് സര്‍ക്കാര്‍ മേനി നടക്കുകയാണ്. ഇത് അങ്ങേയറ്റം ഭോഷ്‌കാണെന്നും ലൈഫ് പദ്ധതിയുടെ പൊള്ളത്തരം തുറന്ന് കാട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Trending News