കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുത് എന്നായിരുന്നു ഇഡി കോടതിയിൽ വാദിച്ചത്. ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശിവശങ്കർ ഉന്നത സ്വാധീനമുള്ള ആളാണെന്ന് ഇഡി കോടതിയിൽ വാദിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം. അതേസമയം തനിക്കെതിരെ മൊഴികൾ മാത്രമാണുള്ളതെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ ആണ് നിലവിൽ ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.
യുഎഇയുടെ സഹായത്തോടെ നിർധനർക്കായി ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്. 4 കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ശിവശങ്കർ അന്വേഷണ സംഘത്തോട് സഹകരിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...