Liver transplantation: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി

Liver transplantation surgery: മലപ്പുറം സ്വദേശിയായ അമ്പത്തിമൂന്നുകാരനാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കരൾ പകുത്ത് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 06:22 AM IST
  • രാവിലെ ഏഴ് മണിക്കാണ് ശസ്ത്രക്രിയ ആരംഭിച്ചത്
  • രാത്രി പതിനൊന്നരയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്
  • നാഷ് എന്ന അസുഖത്തെ തുടർന്ന് കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു
  • ശസ്ത്രക്രിയയ്ക്ക് ശേഷം ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലാണ് രോഗി
Liver transplantation: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് (43) കരൾ പകുത്ത് നൽകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി പതിനൊന്നരയോടെയാണ് പൂർത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലാണ്.

മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുവാൻ രണ്ടാഴ്ചയോളം സമയമെടുക്കാറുണ്ട്. ഈ സമയം രോഗി തീവ്ര പരിചരണത്തിലും സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തീഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, റേഡിയോളജി, ഓപ്പറേഷൻ തീയറ്റർ ടീം, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, മൈക്രോബയോളജി, ഇൻഫെക്ഷ്യസ് ഡിസീസസ്, നഴ്സിംഗ് വിഭാഗം, പത്തോളജി, കെ സോട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്സുമാർ, ഒ.ടി. ടെക്നീഷ്യൻമാർ, ബയോമെഡിക്കൽ എൻജിനിയർമാർ, ട്രാൻസ്പ്ലാന്റ് കോ ഓഡിനേറ്റർമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റന്റർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയ അൻപതോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾ മാറ്റിവയ്ക്കൽ പ്രക്രിയ നടത്താനായത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ്, എറണാകുളം അമൃത ആശുപത്രികളുടെയും സഹകരണമുണ്ടായിരുന്നു.

ALSO READ: Cholera: വിവിധ രാജ്യങ്ങളിൽ വീണ്ടും കോളറ വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന

 ഏറെ പണച്ചെലവുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാൻ വലിയ പരിശ്രമമാണ് നടത്തിയത്. നിരന്തരം യോഗങ്ങൾ വിളിച്ചു ചേർത്ത് ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു.

 സർക്കാർ സംവിധാനത്തിന്റേയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും നിശ്ചയദാർഢ്യത്തിന്റേയും കൂട്ടായ പരിശ്രമത്തിന്റേയും വിജയം കൂടിയാണിത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പ്രത്യേക ട്രാൻസ്പ്ലാന്റ് ടീമിനെ നിയോഗിക്കുകയും അവർക്ക് വിദഗ്ധ പരിശീലനം നൽകുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ട്രാൻസ്പ്ലാന്റ് പ്രവർത്തന പുരോഗതി വിലയിരുത്തി. ആക്ഷൻ പ്ലാൻ പ്രകാരം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങൾ ഒരുക്കി.

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണർ ഐസിയു കൂടാതെ ഓപ്പറേഷൻ തീയറ്റർ എന്നിവ മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് ലഭ്യമാക്കി. തുടർന്ന് രോഗികളെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവായിരത്തോളം കിടക്കകളും മുന്നൂറോളം ഐസിയു രോഗികളും നൂറ്റി അറുപതോളം വെന്റിലേറ്റർ രോഗികളും നാലായിരത്തോളം ഒപി രോഗികളും ആയിരത്തോളം അത്യാഹിത വിഭാഗം രോഗികളും ചികിത്സ തേടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മറ്റ് രോഗികളുടെ ചികിത്സയ്ക്ക് ഒപ്പം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായത് വലിയ നേട്ടമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News