Thiruvananthapuram: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള (Local Body Election) അന്തിമ വോട്ടര്‍പട്ടിക (Voters list) പ്രസിദ്ധീകരിച്ചു.
അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,71,20,823 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരനാണ് പട്ടിക പ്രഖ്യാപിച്ചത്.
ആകെയുള്ള വോട്ടര്‍മാരില്‍ 1,29,25,766 പേര്‍ പുരുഷന്മാര്, 1,41,94,775 പേര്‍ സ്ത്രീകളുമാണ്. കൂടാതെ, 282 ട്രാന്‍സ്ജെന്ററുകളും ഇത്തവണ വോട്ട് രേഖപ്പെടുത്തും.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും 6 കോര്‍പ്പറേഷനുകളിലേയും വോട്ടര്‍പട്ടികയാണ് ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 12-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 2.62 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്.
അന്തിമ വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പരിശോധിച്ച് ശേഷമാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം തീരുമാനിക്കുക.
ആവശ്യമെങ്കില്‍ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. പുതുതായി സ്ഥാപിക്കുന്ന പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം പുന:ക്രമീകരണം വരുത്തും.
അന്തിമ വോട്ടര്‍പട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുളള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 15 ന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കും. അന്തിമ വോട്ടര്‍പട്ടികയില്‍ പേര്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര്‍ ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു അവസരം കൂടി നല്‍കും. ഈ വേളയില്‍ ആക്ഷേപങ്ങളും സമര്‍പ്പിക്കാം.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുനോട്ടു വച്ചിരിയ്ക്കുന്നത്.
Also read: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്
കോവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Election) സ്ഥാനാര്‍ത്ഥികള്‍ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാലയിട്ട് സ്വീകരണം പാടില്ല, അകലം പാലിക്കണം. വോട്ടര്‍ സ്ലിപ്പ് കൈയ്യില്‍ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 5 പേരില്‍ കൂടുതലാവാന്‍ പാടില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തില്‍ പറയുന്നു.