തിരുവനന്തപുരം: പ്രബുദ്ധ കേരളം വീണ്ടുമത് തെളിയിച്ചു, തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്...!!
ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04% ആണ് പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ ഉയര്‍ന്ന പോളിംഗ് ആണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12% പോളിംഗ് ആണ് നടന്നത്.
അതേസമയം, വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര തന്നേയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ (Local Body Election) രണ്ടാം ഘട്ടത്തില്‍ 5 ജില്ലകളിലാണ് ഇന്ന് പോളിംഗ് നടന്നത്. ഇതില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ജില്ലയില്‍ 79.21% പേര്‍ വോട്ട് രേഖപ്പെടുത്തി. കോട്ടയത്താണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്, 73.72% മാത്രം.
ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇപ്രകാരമാണ്; വയനാട് 79.21%, എറണാകുളം 76.74%, തൃശൂര്‍ 74.58%, പാലക്കാട് 75.52% കോട്ടയം 73.72%. കൊച്ചി കോര്‍പറേഷനില്‍ 61.45% പേര്‍ വോട്ട് ചെയ്തു.
451 തദ്ദേശസ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിരുന്നു.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴി (47) എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നില്ല.
അതേസമയം, പോളിംഗ് കൂടിയതിന്‍റെ ആവേശത്തിലാണ് സംസ്ഥാനത്തെ മൂന്നു മുന്നണികകളും. മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ അവകാശ വാദവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്.
Also read: Local Body Election: മികച്ച പോളിംഗ്, 11 മണിവരെ 36% പേര്‍ വിധിയെഴുതി
UDFന്‍റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് (Congress) വട്ടപ്പൂജ്യമായിരിക്കുമെന്നും BJP സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (K Surendran) പറഞ്ഞു. യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്ന് ഇടതുമുന്നണി നേതാക്കള്‍ പറയുമ്പോള്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (Oomman Chandy) പറഞ്ഞു.