Kochi : മലയാളം വാർത്ത ചാനലായ മീഡിയ വണ്ണിന്റെ (Media One) ലൈസെൻസ് റദ്ദാക്കാനുള്ള കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന ഹൈക്കോടതി ശരിവെച്ചു. സുരക്ഷാ പ്രശ്‍നങ്ങൾ മുൻനിർത്തി സംപ്രേക്ഷണ അവകാശം മീഡിയ വണ്ണിന് നൽകാൻ ആകില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാണെന്നും ജസ്റ്റിസ് എൻ.നാഗരേഷ് പറഞ്ഞു.
കൂടാതെ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ ക്ലീയറൻസ് നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകൂർ വാദം കേൾക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു. ജനുവരി 31 നായിരുന്നു കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേക്ഷണം താത്ക്കാലികമായി തടഞ്ഞത്. സുരക്ഷ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരുന്നത്.
ചാനലിന്റെ സംപ്രേക്ഷണ അനുമതി നിഷേധിക്കാൻ കാരണമായ സാഹചര്യങ്ങളെ കുറിച്ചുള്ള ഫയലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കോടതിക്ക് കൈമാറിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു
നേരത്തെ 2020 മാർച്ചിൽ ഡൽഹി കലാപ സമയത്ത് കേന്ദ്രം മലയാളത്തിലെ രണ്ട് വാർത്ത സംപ്രേഷണ ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ ഒന്ന് മീഡിയ വൺ ആയിരുന്നു. 48 മണിക്കൂർ നേരത്തേക്കായിരുന്നു ചാനലിന്റെ സംപ്രേഷണം അന്ന് കേന്ദ്രം തടഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...