ചേര്‍ത്തല: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രതിയായിരുന്ന പിന്നോക്ക വികസന കോർപറേഷന്‍ മുൻ ചെയർമാൻ എൻ. നജീബിനെ കോടതി കുറ്റവിമുക്തനാക്കി.
മികച്ച ട്രാക്ക് റെക്കോർഡുള്ള ഐപിഎസ് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി അടക്കമുള്ള പ്രതികൾക്കെതിരായ അന്വേഷണം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
കേസിന്‍റെ രേഖകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് കേസന്വേഷണം തുടരാൻ നിർദേശിച്ചത്. കേസിൽ വിജിലൻസ് നടത്തിയ അന്വേഷണത്തെ കോടതി വിമർശിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍റെ നിലപാടിൽ കോടതി അതൃപ്തിയും രേഖപ്പെടുത്തി.