കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിലെ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. വീട്ടിൽ നിന്നാണ് പെൺകുട്ടിയെ അസ്ഫാക് ആലം കടത്തിക്കൊണ്ടു പോയത്. അതുകൊണ്ടാണ് പ്രതിയുമായി പോലീസ് ഇവിടെ തെളിവെടുപ്പിന് എത്തിയത്.
പ്രതിയുമായി വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തു. അസ്ഫാകിന് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ടായിരുന്നു മാതാവ് എത്തിയത്. എന്നാൽ, അതിവൈകാരികമായ ഈ പ്രതികരണം പോലീസ് ഇടപെട്ടാണ് തടഞ്ഞത്. അയൽവാസികൾ അടക്കം പ്രതിയെ കണ്ട് രോഷം കൊണ്ട് തിളയ്ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
ALSO READ: കായംകുളം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പ്രതിയെ വീട്ടിൽ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പാഞ്ഞടുത്തിരുന്നു. ഏറെ വൈകാരികമായ രംഗങ്ങൾക്കാണ് കുട്ടിയുടെ വീട്ടിലെ തെളിവെടുപ്പ് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ഇയാൾക്കെതിരെ തിരിഞ്ഞിരുന്നു. എന്നാൽ കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ വാഹനത്തിൽ കയറ്റിയാണ് കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്ന ആലുവ മാർക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടകളിലും ബീവറേജ് കടയിലുമടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ആലുവ മാർക്കറ്റിൽ തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുമായി മാർക്കറ്റിൽ എത്തുന്നതിന് മുമ്പ് പോയ കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാർക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധവും ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...