തിരുവനന്തപുരം: നെയ്യാറിന്റെ ഒഴുക്കിനുള്ള തടസ്സങ്ങള്‍ നീക്കി ജലവിഭവ വകുപ്പിന്റെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജലസേചന വിഭാഗം മെക്കാനിക്കല്‍ വിഭാഗം സില്‍റ്റ് പുഷര്‍ ഉപയോഗിച്ച് ആറിലെ ചെളിയും പായലും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. നെയ്യാറിന്റെ വലതുകര കനാലിലാണ് ആദ്യ ഘട്ടത്തില്‍ ജോലികള്‍ ആരംഭിച്ചിരിക്കുന്നത്.
മൈലോട്ട് മൂഴി ഭാഗത്ത് കഴിഞ്ഞ ആഴ്ച ജോലികള്‍ക്ക് തുടക്കമായെങ്കിലും വാരിയിടുന്ന ചെളിയും പായലും കരയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള എസ്കവേറ്റര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി നിര്‍ത്തിവച്ചിരുന്നു. പിന്നീട് എസ്കവേറ്റര്‍ എത്തിച്ച് ചൊവ്വാഴ്ചയോടെ ജോലികള്‍ പുനരാരംഭിച്ചു.
Read Also: പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണം വേണമെന്ന് കേന്ദ്രം; 205.81 കോടി കേരളം അടയ്ക്കും
ചെളി നീക്കം ചെയ്യുന്നതിന് ആലപ്പുഴ മെക്കാനിക്കല്‍ ഡിവിഷന്റെ കീഴിലുള്ള എസ്കവേറ്റര്‍ കൂടി എത്തിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി. 13.42 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് പദ്ധതിക്കായി ജലവിഭവ വകുപ്പ് നല്‍കിയിരിക്കുന്നത്.
വകുപ്പിന്റെ ആലപ്പുഴ മെക്കാനിക്കല്‍ ഡിവിഷനാണ് പദ്ധതിയുടെ ചുമതല. മൈലോട്ട് മൂഴി പാലത്തില്‍ നിന്ന് രണ്ടു ദിശകളിലേക്കുമായി ആറു കിലോമീറ്റര്‍ ദൂരത്തില്‍ 30,000 ചതുരശ്ര മീറ്ററാണ് ചെളിയും പായലും നീക്കി വീണ്ടെടുക്കുന്നത്. ഇതിനോടകം 1600 ചതുരശ്ര മീറ്റര്‍ വൃത്തിയാക്കിയിട്ടുണ്ട്. 30 ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...