നിപാ വൈറസ്: പരിശോധനയില്‍ കഴിയുന്ന മൂന്ന് പേര്‍ക്കും നിപാബാധയില്ല

ഇതോടെ വൈറസ്ബാധയെന്ന സംശയത്തിന്‍റെ പേരില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം പുറത്തായി.   

Last Updated : Jun 11, 2019, 01:51 PM IST
നിപാ വൈറസ്: പരിശോധനയില്‍ കഴിയുന്ന മൂന്ന് പേര്‍ക്കും നിപാബാധയില്ല

കൊച്ചി: നിപാ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്കും നിപാ ഇല്ലെന്ന് പരിശോധനാ ഫലം.  പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് ഈ സ്ഥിരീകരണം. 

കളമശ്ശേരി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവാണെന്നാണ് റിസള്‍ട്ട് സൂചിപ്പിച്ചത്. മാത്രമല്ല കളമശ്ശേരിയില്‍ നിന്നും പുനപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവാണെന്ന്‍ റിപ്പോര്‍ട്ട് വന്നു.

ഇതോടെ വൈറസ്ബാധയെന്ന സംശയത്തിന്‍റെ പേരില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം പുറത്തായി. നിരീക്ഷണത്തില്‍ കഴിയുന്ന 329 പേര്‍ക്കും നിപാ ലക്ഷണമില്ല.

നിപാ രോഗബാധ ആദ്യമായി കണ്ട യുവാവിന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കടുത്ത മസ്തിഷ്ക ജ്വരം ഉണ്ടായിരുന്ന യുവാവിന്‍റെ പനി കുറഞ്ഞ് ഇപ്പോള്‍ സ്വയം നടക്കാനും തുടങ്ങി. എങ്കിലും വൈറസ് ബാധ കണ്ടെത്തിയ ദിനം മുതല്‍ ഉള്ള ഇരുപത്തിയൊന്ന് ദിന ഇന്‍ക്യുബേഷന്‍ കാലാവധി കൂടി മറികടക്കേണ്ടതുണ്ട്. ഇനി 12 ദിവസം കൂടി യുവാവ് നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. 

പുതിയതായി നിപാ ലക്ഷണമുള്ള ആരും കേരളത്തില്‍ ഇപ്പോള്‍ ഇല്ലയെന്നത് ആരോഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Trending News