ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്? എങ്ങുമെത്താതെ ചര്‍ച്ചകള്‍

അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാകാതെ ബിജെപി സംസ്ഥാന ഘടകം.... സമവായം കാണാതെ പിരിയുന്ന യോഗങ്ങള്‍...  കേന്ദ്ര നേതാക്കള്‍ കേരളത്തിലേയ്ക്ക്...!!

Last Updated : Dec 8, 2019, 05:53 PM IST
  • കഴിഞ്ഞ ഒന്നേകാല്‍ മാസമായി നാഥനില്ലാത്ത അവസ്ഥയിലാണ് കേരള ബിജെപി
  • അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആര്? എങ്ങുമെത്താതെ ചര്‍ച്ചകള്‍

തിരുവനന്തപുരം: അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാകാതെ ബിജെപി സംസ്ഥാന ഘടകം.... സമവായം കാണാതെ പിരിയുന്ന യോഗങ്ങള്‍...  കേന്ദ്ര നേതാക്കള്‍ കേരളത്തിലേയ്ക്ക്...!!

കഴിഞ്ഞ ഒന്നേകാല്‍ മാസമായി നാഥനില്ലാത്ത അവസ്ഥയിലാണ് കേരള ബിജെപി. അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സമവയത്തിലെത്താന്‍ സാധിക്കാതെ പിരിയുകയാണ് ഉണ്ടായത്. 

ഡിസംബര്‍ 15-നകം അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്നു തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

എന്നാല്‍, അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ 3 പേരുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍, മൂന്നു പേരുകളിലും ഗ്രൂപ്പുകള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്.

അതോടെ രണ്ട് കാര്യങ്ങള്‍ ഉറപ്പായി. അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഇനി കേന്ദ്ര നേതൃത്വം ഇടപെടും. രണ്ട് വിഷയത്തില്‍ ആര്‍.എസ്.എസിന്‍റെ അഭിപ്രായം കൂടി ആരായും. ദേശീയ സംഘടനാകാര്യ സെക്രട്ടറി ബി.എല്‍ സന്തോഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും അത് വിജയം കണ്ടില്ല. 

കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന നിലപാടാണ് മുരളീധരപക്ഷം സ്വീകരിച്ചിരിക്കുന്നത്. എം.ടി. രമേശിന്‍റെ പേരാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. എ.എന്‍ രാധാകൃഷ്ണനട്ട് പേരും ഈ പക്ഷം നിര്‍ദേശിക്കുന്നുണ്ട്. ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന്‍റെ പേരും മുന്നോട്ടുവെക്കുന്നുണ്ട്. 

അതേസമയം, അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാകാതെ ബിജെപി സംസ്ഥാന ഘടകം വലയുന്ന അവസരത്തില്‍, ജി.വി.എല്‍ നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘ൦ സംസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ സംഘം സംസ്ഥാന നേതാക്കളെ ഓരോരുത്തരെയും കണ്ട് അഭിപ്രായം ആരായും. ആര്‍.എസ്.എസിന്‍റെ അഭിപ്രായവും ആരായും. ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ സംസ്ഥാന ബിജെപിയ്ക്ക് പുതിയ അദ്ധ്യക്ഷനെ ലഭിക്കുമെന്നാണ് സൂചന.

Trending News