തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ നഷ്ടം അവലോകനം ചെയ്യുന്നതിന് കേരളത്തിലെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മിഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഈ കൂടിക്കാഴ്ചയില്‍ മത്‌സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ വിശദീകരിച്ചിരുന്നു. ഈ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു.
കൂടാതെ, തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് യുവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. മത്‌സ്യത്തൊഴിലാളികളുടെ സമ്പൂര്‍ണ വികസനത്തിനായി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര സംഘത്തോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധനയാനങ്ങള്‍ ലഭ്യമാക്കുന്നതിനും 600 ചതുരശ്ര അടിയുള്ള മികച്ച ഭവനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായും സംഘത്തെ അറിയിച്ചു.
വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം 29ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന സംഘം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.