ഓഖി ദുരന്തം: കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പിണറായി

  

Last Updated : Dec 26, 2017, 04:03 PM IST
ഓഖി ദുരന്തം: കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പിണറായി

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രി തന്നെ സന്ദര്‍ശിക്കാന്‍ തയ്യാറായതിന് മുഖ്യമന്ത്രി കത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.  

കടലില്‍ പെട്ടുപോയവരെ രക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപ്പെട്ടതിനെ വില മതിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ ചെയ്ത പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ടുകൊണ്ടു പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രചോദനമായെന്നു കത്തില്‍ പരാമര്‍ശമുണ്ട്.  ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ഐ.ടി - ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതും കേരളത്തിന് ആശ്വാസമായെന്നും  സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും മുഖ്യമന്ത്രി കത്തില്‍ വിശദമാക്കുന്നു.

Trending News