PSC Rank List: സർക്കാർ പിൻവാതിൽ നിയമനത്തിന് കളമൊരുക്കുന്നുവെന്ന് Opposition leader VD Satheesan

സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 04:14 PM IST
  • റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ സാങ്കേതികമായോ നിയമപരമായോ പ്രയോഗികമായോ ഉള്ള തടസങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല
  • ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്
  • ഫെബ്രുവരി 26 ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല
  • കാലാവധി നീട്ടിയതിന്റെ പ്രയോജനം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചില്ല
PSC Rank List: സർക്കാർ പിൻവാതിൽ നിയമനത്തിന് കളമൊരുക്കുന്നുവെന്ന് Opposition leader VD Satheesan

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ (Rank list) കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് വിഡി സതീശൻ (VD Satheesan) ആരോപിച്ചു.

ശത്രുക്കളെ പോലെയല്ല, മക്കളെ പോലെയാണ് അവരെ കാണേണ്ടത്. അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യന്ത്രി ആരോപിക്കുന്നത്. ആള്‍മാറാട്ടം നടത്തിയും ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ചോദ്യക്കടലാസുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നല്‍കിയവരാണ് പി എസ് സിയുടെ വിശ്വാസ്യത തകര്‍ത്തത്.

ALSO READ: PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ സാങ്കേതികമായോ നിയമപരമായോ പ്രയോഗികമായോ ഉള്ള തടസങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല. ഫെബ്രുവരി നാലിനാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്. ഫെബ്രുവരി 26 ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മൂന്നു മാസത്തേക്ക് ഒരു നിയമനവും നടന്നില്ല. തുടര്‍ന്ന് മെയ് എട്ടു മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ (Lockdown) അവസാനിച്ച് ജൂണ്‍ അവസാനത്തോടെ മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ കാലാവധി നീട്ടിയതിന്റെ പ്രയോജനം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചില്ല.

പകരം റാങ്ക് ലിസ്റ്റുകള്‍ പോലും നിലവിലില്ലാത്തപ്പോഴും പഴയ ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാരിന്റെ പിടിവാശി ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. 2022 ഓക്ടോബര്‍ മുപ്പതിനാണ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്കുള്ള പരീക്ഷ നടക്കാന്‍ പോകുന്നത്. അതിനിടയിലുണ്ടാകുന്ന ഒഴിവുകള്‍ സര്‍ക്കാര്‍ എവിടെ നിന്ന് നികത്തും. പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും പിന്‍വാതില്‍ വഴി കുത്തി നിറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ALSO READ: K surendran: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തത് ഉദ്യോ​ഗാർത്ഥികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

അസാധാരണ സാഹചര്യങ്ങളില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം മുതല്‍ ഒന്നര വര്‍ഷം വരെ നീട്ടാന്‍ പി എസ് സിക്ക് അധികാരമുണ്ട്. 2015-18 കാലഘട്ടത്തില്‍ നടന്ന നിയമനങ്ങളുടെ പകുതി പോലും പിന്നീട് നടന്നിട്ടില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സമരം ചെയ്തവരോട് മുഖ്യമന്ത്രി പ്രതികാര ബുദ്ധിയോടെ പെരുമാറരുത്. ഉദ്യോഗാര്‍ഥികളുടെ സങ്കടം കാണാനും കേള്‍ക്കാനുമുള്ള കണ്ണും കാതും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് (Opposition leader) കുറ്റപ്പെടുത്തി. 

പി എസ് സിയെ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പില്‍ എംഎൽഎ പറഞ്ഞു. പി എസ് സി വഴി ജോലിക്ക് ശ്രമിക്കുന്നവര്‍ എങ്ങനെ സര്‍ക്കാരിന്റെ ശത്രുക്കളാകുമെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News