VD Satheesan: വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത് സി.പി.എം; പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ്

Vandiperiyar Pocso Case: അന്വേഷണത്തിലുണ്ടായ പളിച്ചകൾ വിധിന്യായത്തിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയതെന്ന് വിഡി സതീശൻ ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 03:45 PM IST
  • കോടതി വിധി എല്ലാവരെയും ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
  • അന്വേഷണ സംഘം ചെയ്ത തെറ്റുകളാണ് പ്രതിയെ വെറുതെ വിടാൻ ഇടയാക്കിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
VD Satheesan: വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത് സി.പി.എം; പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലുണ്ടായ കോടതി വിധി എല്ലാവരെയും ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണ സംഘം ചെയ്ത തെറ്റുകളാണ് പ്രതിയെ വെറുതെ വിടാൻ ഇടയാക്കിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അന്വേഷണത്തിലുണ്ടായ പളിച്ചകൾ വിധിന്യായത്തിൽ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. എന്നിട്ടും സംശയകരമായ മരണങ്ങൾ ഉണ്ടാകുമ്പോൾ ശേഖരിക്കേണ്ട പ്രഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. പിന്നീടാണ് തെളിവുകൾ ഉണ്ടാക്കാൻ ശ്രമിച്ചത്.

വിരലടയാള വിദഗ്ധനെ എത്തിച്ച് തെളിവുകൾ ശേഖരിച്ചില്ല. തൂക്കിക്കൊല്ലാൻ ഉപയോഗിച്ച വസ്ത്രം അലമാരയിൽ നിന്ന് എടുത്തെന്ന് പറയുമ്പോഴും അതിന് ആവശ്യമായ ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്.

വാളയാറിലും ഇതുതന്നെയാണ് സംഭവിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പോലീസ് നടത്തിയ ഗൂഡാലോചനയാണ് വാളയാറിൽ പ്രതികൾ രക്ഷപ്പെടാൻ കാരണം. വാളയാറിലേത് വണ്ടിപ്പെരിയാറിൽ സംഭവിക്കരുതെന്നും എസ്.സി.എസ്.ടി പീഡന നിരോധന നിയമത്തിലെ വകുപ്പ് കൂടി ചേർക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നതാണ്. എന്നിട്ടും ആ വകുപ്പ് ചേർത്തില്ല. 

പാർട്ടിയുമായി ബന്ധപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് വണ്ടിപ്പെരിയാറിൽ നടന്നത്. മൊബൈൽ ഫോണിലെ തെളിവുകൾ പോലും കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷൻ തയാറായില്ല. സി.പി.എം പ്രാദേശിക നേതൃത്വമാണ് പ്രതിയെ ഒളിപ്പിച്ചതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സി.പി.എം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്.

അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമമാണ് നടന്നത്. എത്രവലിയ ക്രൂരകൃത്യം ചെയ്താലും സ്വന്തം ആളുകൾക്ക് വേണ്ടി സർക്കാരും പൊലീസും എന്തും ചെയ്യുമെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. വിധിന്യായം വന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുകയാണ്. കോടതിക്ക് പുറത്ത് കേട്ട ആ അമ്മയുടെ നിലവിളി കേരളത്തിന്റെ ചങ്കിൽ കൊള്ളേണ്ടതാണ്.

മനപൂർവമായി പോലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു. കേസ് അട്ടിമറിക്കാൻ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ അന്വേഷിക്കണം. നീതി തേടിയുള്ള കുടുംബത്തിന് പ്രതിപക്ഷം എല്ലാ പിന്നുണയും നൽകും. നിയമനടപടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും. 
അട്ടപ്പാടിയിലെ മധുവും വാളയാറിലെ സഹോദരിമാരും വണ്ടിപ്പെരിയാറിലെ പെൺകുട്ടിയും പാവപ്പെട്ടവരിൽ പാവപ്പെട്ടവരാണ്.

ഈ കേസുകളിലൊക്കെ പ്രതികളായത് സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. പാർട്ടിക്കാർ എന്ത് ചെയ്താലും അവരെ സംരക്ഷിക്കുമെന്ന നിലപാടാണ് സർക്കാർ. ഇവരുടെയൊക്കെ കൂടെയാണ് സർക്കാർ. അതുകൊണ്ടാണ് സർക്കാർ കൂടെയുണ്ടെന്ന് പറയുന്നത്. സി.പി.എമ്മുമായി ചേർന്നുള്ള ഒരു സമരത്തിനും യു.ഡി.എഫില്ല. യു.ഡി.എഫ് എം.പിമാർ കേന്ദ്ര ധനകാര്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വർധിപ്പിക്കണമെന്നും കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പരവിരുദ്ധമായാണ് മുഖ്യമന്ത്രി പറയുന്നത്. എഫ്.ആർ.ബി.എം ആക്ട് അനുസരിച്ച് മൂന്ന് ശതമാനത്തിൽ ധനകമ്മി വരാൻ പാടില്ല. കിഫ്ബിയും പെൻഷൻ ഫണ്ടുമാണ് സംസ്ഥാനത്തിന് ബാധ്യത വരുത്തിവച്ചത്. ബജറ്റിന് പുറത്താണെന്ന വാദം നിലനിൽക്കില്ലെന്നും കടമെടുപ്പ് പരിധിയിൽ വരുമെന്നും പ്രതിപക്ഷം അന്ന് മുന്നറിയിപ്പ് നൽകിയതാണ്.

ഇക്കാര്യം സി.എ.ജി റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ എല്ലാം കേന്ദ്രമാണെന്ന് പറഞ്ഞ് രക്ഷപ്പെടേണ്ട. എല്ലാം അവതാളത്തിലായെന്ന് ഇന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. ഇതൊക്കെ ഞങ്ങൾ നേരത്തെ പറഞ്ഞപ്പോൾ ഞങ്ങളെ വികസനവിരുദ്ധരാക്കി. ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ്.

ഓഡിറ്റ് റിപ്പോർട്ടും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും സമർപ്പിച്ചും ഏതൊക്കെ പദ്ധതികളിലാണ് കേന്ദ്ര പണം നൽകാത്തതെന്ന് സർക്കാർ വ്യക്തമാക്കണം. സംസ്ഥാനത്തെ ധനമന്ത്രി അവ്യക്തമായാണ് സംസാരിക്കുന്നത്. കേരളത്തിലെ ധനപ്രതിസന്ധിക്കുള്ള ഒരുപാട് കാരണങ്ങളിൽ ഒന്നുമാത്രമാണ് കേന്ദ്ര നിലപാട്.

കെടുകാര്യസ്ഥതയും അഴിമതിയുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. കിഫ്ബിയുടെ പതിനായിരം കോടി മാത്രമാണോ സംസ്ഥാനത്തിന്റെ കടം? ട്രഷറി താഴിട്ട് പൂട്ടിയിട്ടാണ് മുഖ്യമന്ത്രിക്കൊപ്പം ധനകാര്യമന്ത്രി ടൂറ് പോയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇല്ലാതെ ഭരണസിരാ കേന്ദ്രം അനാഥമാണ്. 

മുഖ്യമന്ത്രി അവ്യക്തമായാണ് കാര്യങ്ങൾ സംസാരിക്കുന്നത്. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കട്ടേ. പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതു തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്. കേന്ദ്രം തരേണ്ട പണം നൽകിയില്ലെങ്കിൽ ഞങ്ങൾ അവർക്കെതിരെ സമരം ചെയ്യും. മുഖ്യമന്ത്രിയുടെ അഴിമതിയും മുഖ്യമന്ത്രിയുടെ ടീമിന്റെ കെടുരകാര്യസ്ഥതയുമാണ് ധനപ്രതിസന്ധിക്ക് കാരണം.

പ്രതിപക്ഷനേതാവിന്റെ മാനസികനില തകരാറിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരളസദസ് തുടങ്ങി എട്ടാമത്തെ തവണയാണ് എന്റെ മാനസികനിലയെ കുറിച്ച് പറയുന്നത്. ആര് വിമർശിച്ചാലും മാനസികനിലയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇത് എന്ത് അസുഖമാണ്? ബാക്കിയുള്ളവരുടെയെല്ലാം മാനസികനില തകരാറിലാണെന്ന് ഒരാൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നാൽ പറയുന്ന ആളെപ്പറ്റി നാട്ടുകാർ തന്നെ എന്തുവിചാരിക്കും?

ശബരിമലയിലേക്ക് കേന്ദ്ര സേനയെ വിളിച്ചത് യുദ്ധം ചെയ്യാനൊന്നുമല്ല. 2200 പൊലീസുകാർ നവകേരളസദസിന് പോയിരിക്കുകയാണ്. അതുകൊണ്ടാണ് ശബരിമലയിൽ പൊലീസ് ഇല്ലാത്തത്. പൊലീസിനെ കൂടാതെ ക്രിമിനലുകളും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ആരൂരിൽ യൂത്ത്‌കോൺഗ്രസുകാരെ ആക്രമിച്ചത് കുപ്രസിദ്ധ ഗുണ്ടയുടെ കൂട്ടാളികളാണ്. പ്രതിപക്ഷം മനപൂർവം തിരക്കുണ്ടാക്കിയെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഇതുപോലെ വിടുവായിത്തം പറയുന്നവരെയൊക്കെ മന്ത്രിസഭയിൽ വച്ചിരിക്കുന്ന പിണറായിയോടാണ് ചോദിക്കേണ്ടത്.

എന്ത് വിടുവായിത്തവും പറയാമെന്നാണോ സജി ചെറിയാൻ കരുതുന്നത്. പൊലീസ് കാര്യക്ഷമമല്ലെന്ന് ദേവസ്വം പ്രസിഡന്റാണ് പരാതി പറഞ്ഞത്. മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ അടിയായിരുന്നു. ആവശ്യത്തിന് പൊലീസ് ഇല്ലെന്ന് പറഞ്ഞത് പ്രതിപക്ഷമാണോ ദേവസ്വം പ്രസിഡൻരാണോ? ശബരിമലയിലെ സംഭവങ്ങൾ സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. എന്നിട്ടാണ് അവിടെ ഒന്നും സംഭവിച്ചില്ലെന്ന് ഇപ്പോൾ പറയുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഏകോപനവും ഇല്ലാതിരുന്നതാണ് ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് കാരണം.

സപ്ലൈകോ ക്രിസ്മസ് ചന്ത നടത്തിയാൽ അവിടെ സോപ്പും ചീപ്പും കണ്ണാടിയും മാത്രം വിൽക്കേണ്ടി വരും. സബ്‌സിഡി നൽകേണ്ട അവശ്യസാധനങ്ങൾ ഒന്നുമില്ല. പണം നൽകാത്തതിനാൽ മൂന്ന് മാസമായി കരാരുകാർ ആരും ടെൻഡറിൽ പങ്കെടുക്കുന്നില്ല. നാലായിരം കോടിയോളം രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. കെ.എസ്.ആർ.ടി.സിയെ പോലെ സപ്ലൈകോയെയും സർക്കാർ തകർത്തു. വൈദ്യുതി ബോർഡിന്റെ കടം നാൽപ്പതിനായിരം കോടിയായി.

ഇതൊക്കെ ആര് വരുത്തിവച്ചതാണ്? എന്നിട്ടാണ് എല്ലാത്തിനും കേന്ദ്രം കേന്ദ്രം എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. സ്വന്തം കഴിവുകേട് മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറയുന്ന പണം കേന്ദ്ര തന്നാൽ കേരളത്തിന്റെ എല്ലാപ്രശ്‌നങ്ങളും തീരുമോ? കേരളം ഇതുവരെ കാണാത്ത രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് പോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News