മലപ്പുറം/തൃശൂർ: കനത്ത സുരക്ഷയ്ക്കിടെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധമുണ്ടായത്. കുറ്റിപ്പുറം മിനി പമ്പയിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
കുറ്റിപ്പുറം മിനി പമ്പയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി മാര്‍ച്ച് സംഘടിപ്പിച്ചു. മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ് ജോയ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോലി അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി. കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധം തടഞ്ഞ പോലീസ്, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കുറ്റിപ്പുറം-പൊന്നാനി റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
തൃശൂര്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസിന് നിർദേശം ലഭിച്ചിരിക്കുന്നത്. അതിനാല്‍, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന റോഡുകളിലും പരിപാടികളിലും വിവിധ തലത്തിലുള്ള പരിശോധന നടത്തും. പരിശോധനകളുണ്ടാവുന്നതിനാല് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തുന്നവര്‍ നേരത്തെയെത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് നഗരത്തിലെ പരിപാടികളില്‍ കറുത്ത മാസ്കിന് വിലക്കുണ്ട്. വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തില്‍ നടക്കുന്ന കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ഒഴിവാക്കണമെന്ന് സ്ഥലത്ത് പരിശോധനക്കെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...