യുഡിഎഫ് രാപ്പകൽ സമരവേദിയിൽ പി. ജെ. ജോസഫ്, പ്രതികരിക്കാതെ മാണി

Last Updated : Oct 5, 2017, 05:07 PM IST
യുഡിഎഫ് രാപ്പകൽ സമരവേദിയിൽ പി. ജെ. ജോസഫ്, പ്രതികരിക്കാതെ മാണി

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരവേദിയില്‍ കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എത്തി. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഒരുക്കിയ വേദിയിലാണ് ജോസഫ് എത്തിയത്. 

സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കനത്ത വിമർശനങ്ങള്‍ ഉന്നയിച്ചു.
 
വേദിയിലെത്തിയ അദ്ദേഹത്തെ ഡിസിസി അധ്യക്ഷന്‍ ഉൾപ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മുന്നണി വിട്ട ശേഷം ആദ്യമായാണ് അദ്ദേഹം ഒരു യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കുന്നത്. യുഡിഎഫ് നടത്തുന്ന സമരം ജനകീയ സമരമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ജോസഫിന്‍റെ  ഈ നീക്കം.

എന്നാല്‍ പി. ജെ. ജോസഫ് സമരവേദിയില്‍ എത്തിയതിനെപ്പറ്റി കെ. എം മാണി പ്രതികരിച്ചില്ല.  കോഴിക്കോട്ടായിരുന്ന മാണി ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. 

അതേസമയം, ജോസ് കെ. മാണി ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പ്രതികരിച്ചത്. അതോടൊപ്പം പാർട്ടിയുടെ ചരൽകുന്ന് ക്യാമ്പിലെ തീരുമാനത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ഇന്ധനവില വർധന, മദ്യനയം, സ്വാശ്രയ മെഡിക്കൽ ഫീസ് വർധന എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ്  യുഡിഎഫിന്‍റെ രാപ്പകല്‍ സമരം. ഇന്ന് രാവിലെ പത്തിന് തുടങ്ങിയ സമരം വെള്ളിയാഴ്ച രാവിലെ പത്തിന് അവസാനിക്കും. 

 

Trending News