പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് കനത്ത ഏറ്റുമുട്ടലിനെ തുടര്‍ന്നെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐപിഎസ്.
മാത്രമല്ല കൊല്ലപ്പെട്ടവരില്‍ നിന്നും എകെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്പി മാധ്യമങ്ങളോട് വിശദീകരിച്ചു.
തിങ്കളാഴ്ച പെട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനെ മാവോയിസ്റ്റുകള്‍ കാണുകയും അവരുടെ അടുത്തേയ്ക്ക് നീങ്ങുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെപ്പ് തുടങ്ങിയപ്പോഴാണ് തണ്ടര്‍ബോള്‍ട്ട് സംഘവും തിരിച്ചടിച്ചതെന്നും തുടര്‍ന്നാണ് മൂന്ന്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും എസ്പി പറഞ്ഞു.
പിറ്റേന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡിഎഫ്ഒ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
ആ സമയത്ത് പ്രദേശം മുഴുവന്‍ തണ്ടര്‍ബോള്‍ട്ട് സംഘം വളഞ്ഞിരുന്നു. പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. അതിലാണ് നാലാമത്തെ മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.
ഇയാളുടെ കൈവശം എകെ 47 തോക്കുണ്ടായിരുന്നുവെന്നും ഇയാളുടെ കൂടെ രണ്ട് മാവോയിസ്റ്റുകള്‍ കൂടി ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും എസ്പി പറഞ്ഞു.
അവിടെനിന്നും ആയുധങ്ങള്‍ക്ക് പുറമേ മൊബൈല്‍ ഫോണും ലാപ്പ്ടോപ്പും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല അവിടെ പാചകം ചെയ്തതിന്‍റെ തെളിവുകളുണ്ടായിരുന്നുവെന്നും വനംവകുപ്പ് നടത്തിയ പരിശോധനയില്‍ മാന്‍ തോലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ എത്തിയവരാണെന്ന വാദവും എസ്പി തള്ളി. കീഴടങ്ങാന്‍ എത്തിയവരാണെങ്കില്‍ എന്തിന് ഇത്രയും ആയുധങ്ങളുമായി വന്നുവെന്നും അദ്ദേഹം ചോദിച്ചു.