പാലക്കാട്: 24 മണിക്കൂറിനിടെ ജില്ലയിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാല് ദിവസം നിരോധനാജ്ഞ തുടരും. ഏപ്രില്‍ 20ന് വൈകിട്ട് ആറ് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രമസമാധാന നില തടസപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിരോധനാജ്ഞ നിലനിൽക്കവേ പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരാൻ പാടില്ല. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കരുത്. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ നാല് പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കരുത്. അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്താൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
അതേസമയം, പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തര മേഖല ഐജി അന്വേഷണത്തിന് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് തിരിച്ചു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. ജില്ലയിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചേക്കം. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തുമെന്നാണ് സൂചന. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
24 മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയിലുണ്ടായത്. ഇന്നലെ ഉച്ചയോടെയായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സുബൈർ കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
സുബൈറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് കൊല്ലപ്പെട്ടു. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസൻ. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കടയില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...