പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ കൊലക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി.പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.കേസിൽ ആകെ 26 പ്രതികളും 279 സാക്ഷികളുമാണ് ഉള്ളത്.1607 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.വിചാരണയ്ക്ക് ആയി 293 രേഖകളും 282 തെളിവുകളും കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ എപ്രിൽ 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊന്നത്.പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസന്റേത് എന്നാണ് കേസ്.മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടയ്ക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു.
കേസിൽ മുഖ്യപ്രതികളിൽ ചിലർ ഉൾപ്പെടെ 25 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.അഗ്നിശമന സേനാ ഉദ്യോഗസ്ഥനായ കൊടുവായൂർ നവക്കോട് സ്വദേശി ജിഷാദും കേസിൽ പ്രതിയാണ്.വിദേശത്തേക്കു കടന്ന മുഖ്യപ്രതികളിൽ ഒരാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുന്നുണ്ട്.ഇയാൾക്കുപുറമെ മറ്റ് രണ്ട് മുഖ്യപ്രതികളെ കൂടി പിടിക്കാനുണ്ട്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ഡിവൈഎസ്പി എം.അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകമായാണ് പൊലീസ് ശ്രീനിവാസൻ വധത്തെ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...