തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.ഇനി ഇബ്രാഹിം കുഞ്ഞിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും.
അതേസമയം അറെസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടും,പ്രതിച്ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്റ്റിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കണമെന്ന് നിര്‍ദേശിച്ചതിലും മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലെന്‍സ് കണ്ടെത്തിയത്.
കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലന്‍സ് ശേഖരിച്ചിട്ടുള്ളത്. പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആന്‍റ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു.ഇതിന്‍റെ എല്ലാം അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയെ അഴിമതിക്കേസില്‍ പ്രതിചെര്‍ക്കാം എന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.