Sharon Raj Death :ഷാരോൺ വധക്കേസ്; നാൾവഴികൾ

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 08:10 PM IST
  • ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്
  • കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി
  • പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളാണ് ഗ്രീഷ്മ
Sharon Raj Death :ഷാരോൺ വധക്കേസ്; നാൾവഴികൾ

പാറശാല ഷാരോൺ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് . ഷാരോണ്‍ കൊലപാതകത്തില്‍ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമാണ് . ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4–ാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമയുടെ ആരാധികയാണ്. പൊലീസ് അന്വേഷണത്തെ നേരിട്ടതും ചങ്കുറപ്പോടെ. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല.ഇപ്പോൾ എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ . മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങാൻ കാരണമായത് ഡോക്ടറുടെ മൊഴിയാണ് . 

ഷാരോണിന്റെ ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടർ പോലീസിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു.ഈ അന്വേഷണത്തില്‍ കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്ന് വ്യക്തമായി . വീടിന് പുറത്ത് നിന്ന് കാപികിൻറെ കുപ്പിയും മറ്റും കണ്ടെത്തിയതോടെയാണ് ഷാരോണിന് കഷായത്തിൽ കലർത്തി നൽകിയത് കാപികാണെന്ന് വ്യക്തമായത് . ഷാരോണിനെ ഒഴിവാക്കാൻ പല വഴികൾ നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് ഗ്രീഷ്മ മൊഴി നൽകി . ഷാരോണും ​ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരുവർഷം മാത്രമെ ആയിട്ടുള്ളൂ . ഫെബ്രുവരിയിൽ പിണങ്ങിയെന്നുമാണ് ഗ്രീഷ്മ പോലീസുകാരോട് പറഞ്ഞത് . ജാതകദോഷമുണ്ടെന്നും ആദ്യ ഭർത്താവ് നവംബറിന് മുമ്പ് മരിക്കുമെന്നും കഥയുണ്ടാക്കി . ഷാരോമിനെ ഒഴിവാക്കാനുള്ള ശ്രമമമായിരുന്നു അത് . ഇതൊക്കെ ഷാരോമ്‍ നിസാരമായി കണ്ട്  പിന്നാലെ വന്നതുകൊണ്ടാണ് വിളിച്ചുവരുത്തി വിഷം കൊടുത്തത് . 

തന്റെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും ഷാരോണിന്റെ പക്കൽ ഉണ്ടെന്നും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നും ഇതേ തുടർന്നായിരുന്നു കൊലപ്പെടുത്തിയത് എന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.ചിത്രങ്ങളും ദൃശ്യങ്ങളും തനിക്ക് തിരികെ നൽകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകില്ലെന്നായിരുന്നു ഷാരോണിന്റെ മറുപടി. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കി. എന്നിട്ടും ഷാരോൺ വഴങ്ങിയില്ല. ഈ ചിത്രങ്ങൾ പ്രതിശ്രുത വരന് കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നതായും മൊഴിയിലുണ്ട് . ഒക്ടോബർ 14ാം തീയതിയാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തി ജ്യൂസും കഷായവും കുടിക്കുന്നത് . അമ്മയ്ക്ക് വേണ്ടി വച്ചിരുന്ന കഷായപ്പൊടി തിളപ്പിച്ചു കഷായം ഉണ്ടാക്കിയത് ഗ്രീഷ്മയാണ്. നടുവേദയ്ക്കുള്ളതാണെന്ന് പറഞ്ഞ് കുടിച്ചു കാമിച്ചു . ഷാരോൺ ശുചിമുറിയിൽ പോയ സമയം കഷായത്തിൽ കീടനാശിനി കലർത്തി .

 കഷായം കുടിച്ചുനോക്കാൻ ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു . ഷാരോൺ കുടിച്ച ശേഷം ജ്യൂസും നൽകിയെന്നും മൊഴിയുണ്ട് . സുഹൃത്തിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയത് . അവശനായാണ് അവിടെ നിന്നും മടങ്ങിയത് . മുമ്പും പലതവണ ഗ്രീഷ്മ നൽകിയ ജ്യൂസ് കുടിച്ച് ഷാരോൺ ഛർദ്ദിച്ചെന്ന് ബന്ധുക്കൾ പറയുന്നു . ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചു . ഇതേതുടർന്നാണ് ഷാരോണിന്റെ മരണത്തിന് ജ്യൂസിനും പങ്കുണ്ടോയെന്ന സംശയം ജനിക്കുന്നത് . എന്നാൽ ആശുപത്രികിടക്കയിലായിരിക്കുമ്പോഴും ഗ്രീഷ്മ നൽകിയ ജൂസിനെക്കുറിച്ചോ കഷായത്തിനെക്കുറിച്ചോ ഷാരോണിന് സംശയമേ ഉണ്ടായിരുന്നില്ല . കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകിയിരുന്നു .  ചലഞ്ച് എന്താണെന്ന് ഷാരോൺ ചോദിക്കുമ്പോൾ  പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറുമായിരുന്നു . 

രോഗബാധിതനായി ആശുപത്രിയിൽ കിടക്കുമ്പോഴും ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോൾ കഷായം കുടിച്ചെന്ന് ഷാരോൺ പറഞ്ഞിരുന്നില്ല . മുമ്പ് കുടിച്ച ജ്യൂസ് ഉപയോഗ്യമല്ലാത്തതാകാൺ എന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു . തുടർന്നാണ് ഷാരോണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ജ്യൂസിൽ വിഷം കലർന്നതാകാമെന്ന സംശയമുന്നയിക്കുന്നത് . തുടർന്നിവർ ഗ്രീഷ്മയോട് ഇതേ കുറിച്ച് പലതവണ ചോദിക്കാറുണ്ടായിരുന്നു . താൻ ഷാരോണിന് വിഷം നല്കിയില്ലെന്നും ജ്യൂസ് കുടിച്ചിട്ട് ഒന്നും സംഭവിക്കില്ലെന്നും ഗ്രീഷ്മ കരഞ്ഞുകൊണ്ട് പറഞ്ഞു . പിന്നീട് ഷാരോണിന്റെ സഹോദരൻ ഗ്രീഷ്മയെ വിളിച്ച് കഷായത്തിന്റെ പേര് ചോദിച്ചു . കഷായത്തിന്റെ പേര്  അറിയില്ലെന്നും കുപ്പി കഴുകിയെന്നും ഗ്രീഷ്മ പറഞ്ഞു . വിശദാംശങ്ങൾ അടങ്ങുന്ന സ്റ്റിക്കർ ഇല്ലെന്നും പെൺകുട്ടി പറഞ്ഞു . ആശുപത്രിയിൽ കിടക്കുമ്പോഴും പല തവണയായി ഷാരോൺ കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും ഗ്രീഷ്മയോട് ചോദിക്കുന്നുണ്ടായിരുന്നു . എന്നാൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിനോട് ഇതേക്കുറിച്ച് അറിയില്ലെന്ന് തറപ്പിച്ചു പറഞ്ഞു . 

കൂടാതെ വൈകാരികമായി പലപ്പോഴും പൊട്ടിക്കരയുകയും ചെയ്തു . ഷാരോണിന്റെ മരരണശേഷവും ഇക്കാര്യത്തിൽ ഗ്രീഷ്മ ഉറച്ചുനിൽക്കുകയായിരുന്നു . തെളിവുകളൊക്കെ എതിരാണെന്ന് ഉറപ്പായിട്ടും രക്ഷപ്പെടുമെന്ന് ഗ്രീഷ്മ അവസാന നിമിഷം വരെ വിശ്വസിച്ചു . അതിനിടെ ഷാരോണിന്റെ മരണം കൊലപാതകമാണെന്നും ഗ്രീഷ്മയാണ് കൊലപ്പെടുത്തിയതെന്നും ഷാരോമിന്റെ ബന്ധുക്കൾ ആവർത്തിച്ചിട്ടും പാറശാല പോലീസ് അന്വേഷണത്തിൽ കാണിച്ചത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ് . പെൺകുട്ടിക്ക് അനുകൂലമായ നിലപാടാണ് പാറശാല പോലീസ് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം . ആശുപത്രി കിടക്കയിൽ വെച്ച്  മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് കഷായത്തിന്റെ കുപ്പിയുൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട് . ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പാറശാല പേലീസിന്റെ വീഴ്ച വ്യക്തമാകുന്നത് . 

മൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങളുമാണ് കേസിൽ നിർണായകമായത്. സ്നേഹിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് എന്തിനു കഷായം കുടിക്കണമെന്നാണ് പൊലീസ് ആദ്യം ചിന്തിച്ചത്. ഗ്രീഷ്മ ഷാരോണിനു സ്ഥിരമായി ജൂസ് നൽകിയിരുന്നെന്ന വിവരം കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം .  ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു . അവർക്കൊപ്പവും തനിച്ചുമുള്ള ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു . അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഗ്രീഷ്മക്ക് പിടിച്ചു നിൽക്കാനായില്ല,പിന്നീട് എല്ലാം ഏറ്റുപറഞ്ഞു .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News