കഥകളി വേദിയിൽ ഉത്തര പത്നിയായി നിറഞ്ഞാടി പത്തനംതിട്ട ജില്ലാ കളക്ടർ; കാണികൾക്കും കൗതുകം

ഇരയിമ്മൻ തമ്പിയുടെ ഉത്തരാ സ്വയംവരത്തിൽ നിന്നുള്ള വീര വിരാട കുമാര വിഭോ എന്ന് തുടങ്ങുന്ന പ്രശസ്തമായ ശൃംഗാര പദമാണ് അവതരിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 07:10 AM IST
  • വിരാട രാജകുമാരനായ ഉത്തരൻറെ രണ്ട് പത്നിമാരിൽ ഒരാളായാണ് കളക്ടർ വേഷമിട്ടത്
  • ആദ്യ ഘട്ടം എന്ന നിലയിൽ 10 സ്ക്കുളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ് ആരംഭിച്ചത്
  • അഞ്ച് ദിവസത്തെ പരിശീലനം കൊണ്ടായിരുന്നു അരങ്ങേറ്റം.
കഥകളി വേദിയിൽ ഉത്തര പത്നിയായി നിറഞ്ഞാടി പത്തനംതിട്ട ജില്ലാ കളക്ടർ; കാണികൾക്കും കൗതുകം

പത്തനംതിട്ട: കഥകളി വേദിയിൽ ഉത്തര പത്നിയായി കളക്ടർ നിറഞ്ഞാടിയത് കാണികൾക്കും കൗതുകമായി. ജില്ലാ കഥകളി ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്ക്കുളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച സ്റ്റുഡൻസ് കഥകളി ക്ലബ്ലുകളുടെ ഉത്ഘാടനത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടർ ദിവ്യ എസ് അ കഥാപാത്രമായെത്തിയ കഥകളിപ്പദം അരങ്ങേറിയത്.

ഇരയിമ്മൻ തമ്പിയുടെ ഉത്തരാ സ്വയംവരത്തിൽ നിന്നുള്ള വീര വിരാട കുമാര വിഭോ ..  എന്ന് തുടങ്ങുന്ന പ്രശസ്തമായ ശൃംഗാര പദമാണ്, പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻ്ററീ സ്ക്കൂളിലെ വേദിയിൽ അവതരിപ്പിച്ചത്. വിരാട രാജകുമാരനായ ഉത്തരൻറെ രണ്ട് പത്നിമാരിൽ ഒരാളായാണ് കളക്ടർ വേഷമിട്ടത്. അഞ്ച് ദിവസത്തെ പരിശീലനം കൊണ്ടായിരുന്നു അരങ്ങേറ്റം.

ജന്മസിദ്ധമായ കഴിവ് കൊണ്ടു കൂടിയാണ്  ചെറിയ കാലത്തെ  പരിശീലനത്തിലുടെ ഉത്തരപത്നിയെ അവിസ്മരണീയമാക്കാൻ ദിവ്യാ എസ് അയ്യർക്ക് കഴിഞ്ഞതെന്ന് കലാമണ്ഡലം വിശാഖ് പറഞ്ഞു. കലാമണ്ഡലം വിശാഖ് ഉത്തരനായും
കലാമണ്ഡലം വിഷ്ണു മോൻ ഉത്തര പത്നിയായും വേദിയിലെത്തി. ഉത്തരൻ ഒരു പത്നിക്കരികിലെത്തുമ്പോൾ ഇതര പത്നിയുടെ പരിഭവവും, ഇരു പത്നിമാരുമായുള്ള ശൃഗാരവുമെല്ലാം, വിദ്യാർത്ഥികളും ജനപ്രതിനിധികളുമടങ്ങുന്ന സദസിന് ഏറെ ആസ്വാദ്യമാവുകയും ചെയ്തു. 

ആദ്യ ഘട്ടം എന്ന നിലയിൽ 10 സ്ക്കുളുകളിലാണ് സ്റ്റുഡൻസ് കഥകളി ക്ലബ് ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഓമല്ലുർ ശങ്കരൻ സ്റ്റുഡൻസ് കഥകളി ക്ലബ്ബുകളുടെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. കഥകളി സാഹിത്യ പരിചയം, മുദ്രാ പരിശീലനം, താളപരിചയം, മുഖത്തെഴുത്ത് പരിശീലനം, കണ്ണു ചുവപ്പിക്കുന്ന രീതി എന്നീ വിഷയങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് കഥകളി ക്ലബ്ലിൽ പരിശീലനം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News