കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാർ വിശദീകരണം.
ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ഗോപാലന് അടിയോടി സ്മാരക ട്രസ്റ്റാണ് രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയാണ്. പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലാണ് കോടതിയിൽ ഹാജരായത്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിലും ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതിലും കേരള പോലീസ് സിബിഐയേക്കാൾ മുൻപിലാണെന്നും കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.