രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് കോണ്‍ഗ്രസ്‌ യുവനേതൃത്വം

രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം മുറുകുന്നു. 

Last Updated : Jun 3, 2018, 11:21 AM IST
രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് കോണ്‍ഗ്രസ്‌ യുവനേതൃത്വം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം മുറുകുന്നു. 

രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന തുറന്ന അഭിപ്രായവുമായി കോണ്‍ഗ്രസ്‌ യുവ നേതൃത്വം രംഗത്തെത്തിയതാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ കലഹം സൃഷ്ടിച്ചിരിക്കുന്നത്. ഹൈബി ഈഡനാണ് രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് തുറന്നടിച്ചത്. യുവാക്കളെയോ പുതുമുഖങ്ങളെയോ പരിഗണിക്കണമെന്നാണ് യുവ എംഎല്‍എമാരുടെ ആവശ്യം. 

പാര്‍ട്ടിയില്‍ സമഗ്ര മാറ്റം ആവശ്യമെന്നും, ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവുമെന്ന് വി.ടി. ബല്‍റാം പറഞ്ഞു. പിജെ കുര്യന്‍ ഔചിത്യപൂര്‍വം വിടവാങ്ങണമെന്ന്  ആവശ്യപ്പെട്ട അദ്ദേഹം ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്തവരെ പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസില്‍ സമഗ്ര മാറ്റത്തിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃമാറ്റം മാത്രമല്ല, പ്രവര്‍ത്തന ശൈലിയും രാഷ്ട്രീയ മുന്‍ഗണനകളോടുള്ള സമീപന രീതിയും മാറേണ്ടിയിരിക്കുന്നു. കൂടാതെ സമൂഹവുമായുള്ള ആശയ വിനിമയത്തിന്‍റെ കാര്യത്തില്‍ സമഗ്രമായ മാറ്റം അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി കേരളത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുമെന്നും വിടി ബല്‍റാം പറഞ്ഞു.

അതേസമയം, താന്‍ മത്സരിക്കില്ലെന്ന് പി.ജെ കുര്യന്‍ സ്വയം തീരുമാനിക്കണമെന്ന് ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യസഭയിലേക്ക് ഒരു പുതുമുഖത്തിനെയാണ് ആവശ്യം. അനാരോഗ്യമുള്ള യുഡിഎഫ് കണ്‍വീനറെ മാറ്റണമെന്നും ഷാഫി പറഞ്ഞു. 

അതേസമയം, പിജെ കുര്യനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് അഭിപ്രായപ്പെട്ട അനില്‍ അക്കര പ്രഗത്ഭനായ കുര്യന് വീണ്ടും ഉത്തരവാദിത്തങ്ങള്‍ നല്‍കരുതെന്നും 65 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി പാര്‍ലമെന്ററി പദവികള്‍ ഒഴിയണമെന്നും അഭിപ്രായപ്പെട്ടു. രാജ്യസഭാ പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി അനില്‍ അക്കര പറഞ്ഞു.

കൂടാതെ പി ജെ കുര്യന്‍ മാറിനില്‍ക്കണമെന്ന് റോജി എം ജോണും അഭിപ്രായപ്പെട്ടു. 

 

Trending News