തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎമ്മുകാര്‍ വധിച്ച ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്‍റെ വീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ സംഘം സന്ദര്‍ശിച്ചു. കമ്മീഷന്‍ എസ്പി സുമേധാ ദ്വിവേദി രാജേഷിന്‍റെ അമ്മ ലളിത,അച്ഛന്‍ സുദര്‍ശനന്‍,ഭാര്യ റീന,സഹോദരന്‍ രാജീവ് എന്നിവരോട് സംസാരിച്ചു. രാജേഷിന്‍റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിയോട് ആവശ്യപ്പെട്ടു.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കൊലയ്ക്കു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കി. തുടക്കം മുതല്‍ പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുകയാണെന്നും ആരെയൊക്കെയോ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായാണ് സംശയിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു. മുന്നു ദിവസം മുമ്പു മാത്രമാണ് പട്ടികജാതി പീഡന നിരോധന നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതും ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമെന്നും അവര്‍ അറിയിച്ചു.
പോലീസിന്‍റെ അനാസ്ഥ കാരണമാണ് പന്ത്രണ്ടാം പ്രതി സംഭവം നടന്ന് ആറാം ദിവസം ജാമ്യംനേടി പുറത്തുവന്നതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. കൊലനടത്തിയശേഷം കൊലയാളികള്‍ പ്രദേശത്ത് ബോംബാക്രമണം നടത്തിയതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം എവിടെ നിന്ന്, ആരു നല്‍കി, ആരുണ്ടാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നില്ല.
രാജേഷ് കൊല്ലപ്പെടുന്ന ദിവസം ഉച്ചയോടെ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കള്‍ ബന്ധുക്കളെയും കൂട്ടി വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോയിരുന്നു. മാത്രമല്ല, രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് സഹോദരന്‍ രാജീവിനെ തടഞ്ഞുനിര്‍ത്തി ജ്യേഷ്ഠനെ കൊല്ലുമെന്ന് ഇതേ സംഘം ഭീഷണിപ്പെടുത്തിയത് വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ലയെന്നും കൊല നടന്ന് എട്ടുദിവസം കഴിഞ്ഞാണ് ഗൂഢാലോചന ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.