ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം

സൗജന്യ ചികിത്സയ്ക്കായി ഇപ്പോള്‍ കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടു വച്ചിരിക്കുന്നത്.   

Last Updated : Nov 29, 2019, 12:14 PM IST
  • ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് ഇനിമുതല്‍ നിയന്ത്രണം.
  • സൗജന്യ ചികിത്സയ്ക്കയുള്ള പുതിയ മാനദണ്ഡങ്ങള്‍ ഞായറാഴ്ചയോടെ നിലവില്‍ വരും.
  • പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ എ, ബി എന്നീ രണ്ടു വിഭാഗങ്ങളായി തിരിക്കും.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം വരുന്നു. 

സൗജന്യ ചികിത്സയ്ക്കായി ഇപ്പോള്‍ കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ മാനദണ്ഡങ്ങള്‍ ഞായറാഴ്ചയോടെ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ദരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ എ, ബി എന്നീ രണ്ടു വിഭാഗങ്ങളായി തിരിക്കും. 

പുതിയ നിയമമനുസരിച്ച് സ്ഥിരവരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും കുടുംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും മാത്രമേ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ.

വിധവയുണ്ടെങ്കില്‍ സാക്ഷ്യപത്രവും, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ അതിന്‍റെ രേഖയും ഹാജരാക്കണം. മാത്രമല്ല ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരാണ് 'എ' വിഭാഗത്തില്‍ പെടുന്നത്. 

ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ് 'ബി' വിഭാഗത്തില്‍പ്പെടുന്നത്. അവരുടെ ചികിത്സാ സൗജന്യം 30 ശതമാനം മാത്രമാക്കി.  

ബിപിഎല്ലിന്‍റെ പേരില്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നടപടിയെന്നും സൗജന്യ ചികിത്സക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.  

അധികൃതരുടെ വിശദീകരണം അനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വരുമാനത്തില്‍ നിന്നാണ് ഇതുവരേയും സൗജന്യ ചികിത്സ നല്‍കിയിരുന്നത് എന്നാണ്.  

Trending News