സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

ആഗസ്റ്റ് ഒന്‍പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവിറക്കിയത്.  

Last Updated : Aug 21, 2019, 04:08 PM IST
സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാറ ഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിലവില്‍ ഉരുള്‍പ്പൊട്ടല്‍ മുന്‍കരുതല്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നത് എന്നാണ് വിശദീകരണം.  

ഇതു സംബന്ധിച്ച ഉത്തരവിറക്കിയത് മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറാണ്. ആഗസ്റ്റ് ഒന്‍പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവിറക്കിയത്.

കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് മണ്ണ് നീക്കം ഉള്‍പ്പെടെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചത്. ഇപ്പോള്‍ മഴ മാറിയതുകൊണ്ടാണ് ഈ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ പ്രാദേശികമായി കളക്ടര്‍മാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിരോധനം തുടരും.

നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളില്ലെന്നാണ് വിശദീകരണം. പക്ഷെ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. 

കവളപ്പാറയിലും പൂത്തുമലയിലും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനവും മണ്ണ്‍ നീക്കലും നിരോധിച്ചത്. അതേസമയം മലപ്പുറം ഉള്‍പ്പെടെ പ്രളയവും ഉരുള്‍പൊട്ടലും വന്‍നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്.

Trending News