തിരുവനന്തപുരം : സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലഘട്ടത്ത് സാധാരണ ജനങ്ങള്‍ അവ അപ്രാപ്യമാക്കുന്ന രീതിയില്‍ റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് സമഗ്രമായ ഡിജിറ്റൈസേഷന്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്. വകുപ്പില്‍ നിന്നും നല്‍കി വരുന്ന സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാകും.
എന്നാല്‍ ഈ സേവനം പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ നടപടിയിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ഇതിന്റെ പ്രധാന കാരണം റവന്യൂ സംബന്ധമായ വിഷയങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതാണ് . ഇത് മുതലെടുക്കുന്ന ഇടനിലക്കാരും ഇന്ന് ധാരാളമായുണ്ട് എന്നതിന് ഉദാഹരണമാണ് നാം വഴിവക്കില്‍ കാണുന്ന ' നിലം തരം മാറ്റിക്കൊടുക്കും ' എന്ന തരത്തിലുള്ള ബോര്‍ഡുകള്‍ .
അപേക്ഷാ ഫീസ് മാത്രം നല്‍കി സ്വന്തം മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ച് നേടേണ്ട സേവനങ്ങള്‍ക്ക് പതിനായിരങ്ങള്‍ ഇടനിലക്കാരന്‍ കൈക്കലാക്കുന്നു. ഇത്തരത്തിലാണ് മറ്റ് സേവനങ്ങളുടെ കാര്യവും . ഇതിന് പരിഹാരമെന്ന നിലയിലാണ് റവന്യൂ സാക്ഷരത എന്ന ബ്രഹത്തായ പദ്ധതിക്ക് റവന്യു വകുപ്പ് തുടക്കം കുറിക്കുന്നത്. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങള്‍ , അവ ലഭ്യമാകുന്നതിനുള്ള യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ സമര്‍പ്പിക്കുന്ന വിധം , നിരസിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട വിധം , എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ആയതിലേക്കായി നിലവിലുള്ള വില്ലേജ് തല ജനകീയ സമിതി അംഗങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്റ് സ് അസോസിയേഷന്‍ പ്രതിനിധികള്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരെ മാസ്റ്റര്‍ ട്രെയ്‌നി മാരായി നിശ്ചയിച്ച് ഐഎല്‍ഡിഎം മുഖേന പരിശീലനം നല്‍കാനും മാസ്റ്റര്‍ ടെയ്‌നി മാരെ ഉപയോഗിച്ച് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ , കുടുംബശ്രീ യൂണിറ്റുകള്‍, ക്ലബ്ബുകള്‍ എന്നിവ മുഖേ എല്ലാ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനുമാണ് പദ്ധതി. ഇത് കൂടാതെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഐഎല്‍ഡിഎം മുഖേന ചെറിയ വീഡിയോകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...