തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് സ്വർണ്ണവും പണവും അടങ്ങിയ തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര കൃത്യവിലോപം. പ്രാഥമിക അന്വേഷണത്തിൽ സ്വർണ്ണം മോഷണം പോയതിന്‍റെ വിവരങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തട്ടിപ്പിൻ്റെ വ്യാപ്തി വലുതെന്ന് തെളിയിക്കുന്ന സൂചനകളും വിവരങ്ങളും ഇതിനോടകം തന്നെ പുറത്തുവരികയാണ്.
140 പവൻ സ്വർണ്ണമാണ് മോഷണം പോയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. രണ്ട് ദിവസം മുൻപ് നടത്തിയ അന്വേഷണത്തിൽ 73 പവൻ വരെ മോഷണം പോയതായി സബ് കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തുടക്കത്തിൽ മോഷണം പോയ 73 പവന് പുറമേ 67 പവൻ കൂടിയുണ്ട്. ഇതിൽ 30 പവൻ മുക്കുപണ്ടമായിരുന്നു. അതായത്, 220 ഗ്രാമോളം വരും മുക്കുപണ്ടമെന്നാണ് വിവരം. തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും വർദ്ധിക്കുമെന്നാണ് കണ്ടെത്തൽ.
ആർഡിഒ കോടതിയിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ശക്തമായി കേന്ദ്രീകരിക്കുകയാണ്. നേരത്തെ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ശക്തമായ തെളിവുകൾ ലഭിച്ചാൽ യഥാർഥ പ്രതികളെ പിടികൂടാനാകും. അന്വേഷണത്തിൻ്റെ തുടർദിവസങ്ങളിലും കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും.
കോടതി ലോക്കറുകൾ അതീവ സുരക്ഷയിൽ സൂക്ഷിക്കുന്നയിടമാണ്. കോടതിയിലെ സീനിയർ സൂപ്രണ്ടുമാരാണ് ലോക്കറുകളുടെ കസ്റ്റോഡിയൻ. സീനിയർ സൂപ്രണ്ടുമാരോ ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനോ ആയിരിക്കും മോഷണത്തിനുള്ള വഴിയൊരുക്കി കൊടുത്തത് എന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. ലോക്കർ സൂക്ഷിക്കുന്ന സ്ഥലമറിയുന്നവർ തന്നെയാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്. പലതവണ സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് നിഗമനം.
1980 മുതലുള്ള തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കളക്ടറുടെ നിർദ്ദേശാനുസരണം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണവും പൊലീസ് അന്വേഷണവും വെവ്വേറെയാണ് നടക്കുന്നത്. നേരത്തെ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ അന്വേഷണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യഘട്ടത്തിൽ 2009 മുതലുള്ള ലോക്കറുകളാണ് തുറന്ന് പരിശോധിച്ചിരുന്നത്. എന്നാൽ, കൂടുതൽ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതിൻ്റെ വിവരം ഓരോ ദിവസവും പുറത്തുവരികയും അത് പിന്നീട് മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് 1980 മുതലുള്ള ലോക്കറുകൾ വെവ്വേറെ പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്. 2018 മുതൽ 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടവും കണ്ടെത്തി.
Read Also: യുഎഇയില്‍ പുതിയ സർക്കാർ സ്കൂളുകൾ; അടുത്ത അദ്ധ്യയന വര്‍ഷം മുതൽ സൗജന്യ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാം
2017 മുതൽ 2021 ഫെബ്രുവരി വരെയുള്ള തൊണ്ടിമുതലുകൾ ഓഡിറ്റ് നടത്തിയ എ.ജി. ഈ വർഷങ്ങളിലേത് സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എ.ജി ഓഡിറ്റ് നടന്നതിന് ശേഷം മോഷണം നടക്കാനാണ് സാധ്യത. എന്നാൽ, പൊലീസിന് മുമ്പിൽ മറ്റൊരു സംശയവും നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച പാക്കറ്റുകൾ തുറന്നു പരിശോധിക്കാതെ എ.ജി ഓഫീസിൽ നിന്നെത്തിയ ഓഡിറ്റ് സംഘം റിപ്പോർട്ട് തയ്യാറാക്കിയതാണോയെന്നും സംശയമുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ എന്താണ് നടന്നതെന്ന് വ്യക്തമാകണമെങ്കിൽ ഓഡിറ്റ് സംഘത്തിൻ്റെ മൊഴി എടുക്കേണ്ടിവരും. ഇക്കാര്യമാവശ്യപ്പെട്ട് പൊലീസ് എജിക്ക് കത്ത് നൽകിയേക്കുമെന്നും വിവരമുണ്ട്. ശക്തമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം പിടികൂടാനാണ് പോലീസ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...