പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനം മുതൽ നിലയ്ക്കൽ വരെയുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച തീരുമാനം ഉന്നതതല യോഗത്തിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.
എന്നാല്‍ സന്നിധാനം മുതൽ നിലയ്ക്കൽ വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് പൊലീസ് പദ്ധതിയിട്ടിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സുരക്ഷാ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടും സർക്കാരിന് മുന്നിലുണ്ട്. ഈ വസ്തുതകള്‍ മുന്‍ നിര്‍ത്തിയായിരിക്കും ക്രമീകരണങ്ങള്‍.
നാളെ രാവിലെ 11 മണിക്ക് ശേഷം മാത്രമായിക്കും തീർഥാടകർക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിക്കുക. 12 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെയുമായി ആദ്യ കെ.എസ്.ആർ.ടി.സി ബസ് പുറപ്പെടും.
നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കും. തുടർന്ന് ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തി മാരായ വി.എൻ വാസുദേവൻ നമ്പൂതിരിയും എം.എൻ നാരായണൻ നമ്പൂതിരിയും സ്ഥാനാരോഹണം നടത്തും.