ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും

കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിച്ചു. ഹര്‍ജി തള്ളുകയും ചെയ്തു.  

Updated: Dec 4, 2018, 03:11 PM IST
ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും

കൊച്ചി: ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും. ശബരിമലയിലെ പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി.

കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന് ഹൈക്കോടതി ശോഭയ്ക്ക് 25000 രൂപ പിഴ വിധിച്ചു. ഹര്‍ജി തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്ന് ശോഭ സുരേന്ദ്രനായി അഭിഭാഷകന്‍ കോടതിയോട് മാപ്പ് പറഞ്ഞു.

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭ സുരേന്ദ്രന്‍റേതെന്നും കോടതി വിമർശിച്ചു. ഹര്‍ജി അനാവശ്യമാണെന്ന് വിലയിരുത്തിയ കോടതി എല്ലാവര്‍ക്കും ഒരു പാഠമാകുന്നതിന് വേണ്ടിയാണ് നടപടിയെന്നും പറഞ്ഞു.

തുടര്‍ന്ന് മാപ്പക്കണമെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി സമ്മതിച്ചില്ല. പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണമെന്നും നിര്‍ദേശിച്ചു.