Sabarimala Mandala Makaravilakku : സന്നിധാനത്ത് ഭക്തജനപ്രവാഹം; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍

വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 02:28 PM IST
  • നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്
  • നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക
  • പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യൊതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍
Sabarimala Mandala Makaravilakku :  സന്നിധാനത്ത് ഭക്തജനപ്രവാഹം; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍

പത്തനംതിട്ട : മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. 

വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 (എട്ട് ലക്ഷത്തി എഴുപത്തൊന്‍പതിനായിരത്തി തൊള്ളായിരത്തി അഞ്ച്) പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്.

 26 ശനിയാഴ്ച 83,769 (എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി അറുപത്തിയൊന്‍പത്), 28 തിങ്കള്‍ 81,622 (എണ്‍പത്തിയോരായിരത്തി ആറുനൂറ്റി ഇരുപത്തിരണ്ട്) എന്നിങ്ങനെയാണ് ബുക്കിംഗ്. നവംബര്‍ 30 വരെയുള്ള ബുക്കിംഗുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21 നാണ് ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത്-57,663 (അന്‍പത്തിയേഴായിരത്തി അറുനൂറ്റി അറുപത്തി മൂന്ന്). നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക.

അതേസമയം വരുംദിവസങ്ങളില്‍ സന്നിധാനത്ത് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മതിയായ ക്രമീകരണങ്ങളുമായി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നേരത്തേ സജ്ജമാണ്. നിലവിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യൊതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ അറിയിച്ചു. ദര്‍ശന സമയം രാവിലെയും വൈകിട്ടും വര്‍ധിപ്പിച്ചത് അയ്യപ്പദര്‍ശനം സുഗമമാക്കി. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ബന്ധമാക്കിയതിലൂടെ തിരക്ക് വിലയ തോതില്‍ നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News