തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ള് പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥി സിദ്ധാർഥ് ആണ് മരിച്ചത്. 11 വയസായിരുന്നു. കിളിമാനൂർ ചൂട്ടയിലെ കാവ് വിളാകത്ത്വീട്ടിൽ രതീഷ് - ശുഭ ദമ്പതികളുടെ മകനാണ് മരണപ്പെട്ട സിദ്ധാർഥ്. സിദ്ധാർഥിന് ഒരാഴ്ച മുമ്പാണ് പനി ബാധിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് സമീപത്തുള്ള കേശവപുരം ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, പനി കൂടുകയായിരുന്നു. പണി കടുത്തതിനെ തുടർന്ന് വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും, അവിടെ കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പനി കുറയാതിരിക്കുകയും, പിന്നെയും കടുക്കുകയും ചെയ്തതോടെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന വിദ്യാർഥി ഇന്ന്, ജൂലൈ 18 രാവിലെ നാല് മണിയോടെയാണ് അന്തരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ സാമ്പിൾ തോന്നയ്ക്കൽ വയറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഈയ്യിടെ ചെള്ള് പനിയെ തുടർന്നുണ്ടായ മൂന്നാമത്തെ മരണമാണിത്. ജൂൺ 12 ന് ചെള്ളുപനിയെ തുടർന്ന് പാറശാല സ്വദേശിനി സുബിത മരണപ്പെട്ടിരുന്നു. അതിന് ദിവസങ്ങൾക്ക് മുമ്പ് വർക്കലയിൽ പതിനഞ്ചുക്കാരി ചെള്ളുപനിയെ തുടർന്ന് മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകുന്ന ചെള്ളുകളാണ് സാധാരണയായി ചെള്ളുപനിക്ക് കാരണമാകാറുള്ളത്. ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനി ഉണ്ടാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന് കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളിലൂടെ ശരീരത്തിലേക്ക് എത്തും.
ALSO READ: Scrub Typhus : സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം; ആകെ മരണം 2 ആയി
ശരീരത്തിനുള്ളിൽ എത്തുന്ന ബാക്ടീരിയ ശരീരത്തില്‍ വളരുകയും തുടർന്ന് പനിക്ക് കാരണമാകുകയും ചെയ്യും. ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം ഉണ്ടാകും. ചെള്ളിന്റെ കടിയേറ്റ് പത്ത് ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. നിങ്ങൾക്ക് ചെള്ളിന്റെ കടിയേൽക്കുകയോ, അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധരെ സമീപിക്കണം.
ചെള്ളുപനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
1) പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.
2) രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു.
3) ചെള്ള് കടിച്ചാല്‍ ന്യൂമോണിറ്റിസ്, എന്‍സെഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിൽ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...