തിരുവനന്തപുരം: സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിച്ച് തുടങ്ങാം. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് 111) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാംവർഷ പ്രവേശത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യത ഉള്ളവർക്കും എസ്.എസ്.എൽ.സി.യിൽ ഉപരിപഠന യോഗ്യത നേടിയവർക്കും ഇപ്പോൾ അപേക്ഷ നൽകാം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്കായി ബന്ധപ്പെടുക ഫോൺ: 0471 2572990, 6282752735.
അതേസമയം പ്ലസ് ടുവിന് ശേഷം വിദ്യാർത്ഥികൾ ബിരുദത്തിന് ചേരാൻ താൽപര്യം കാണിക്കുന്നില്ലെന്നതായി റിപ്പോർട്ട്. ഇത്തവണ മൂന്ന് ലക്ഷം വിദ്യാർത്ഥിളാണ് പ്ലസ് ടുവിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാൽ ഡിഗ്രി പ്രവേശനത്തിനായി മുൻ വർഷത്തേക്കാൾ ഈ വർഷം അപേക്ഷ കുറവാണ് ലഭിച്ചിരിക്കുന്നത്. അതിൽ തന്നെ ശാസ്ത്ര വിഷയത്തിൽ വിദ്യാർത്ഥികൾ പഠിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കേരള സർവ്വകലാശാലയുടെ കീഴിൽ നിലവിൽ 153 കോളേജുകളാണ് ഉള്ളത്. ഇതിൽ ശാസ്ത്ര വിഷയങ്ങളിൽ മാത്രം ആയിരത്തോളം സീറ്റുകളാണ് വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്.
കെമിസ്ട്രി-198, ഫിസിക്‌സ്-194, കണക്ക്-157, ബോട്ടണി-120, സുവോളജി-114 എന്നിങ്ങനെയാണ് വിവിധ കോളേജുകളിലെ സീറ്റ് ഒഴിവുകള്‍. മറ്റ് ചില കോളേജുകളിൽ ബി.എസ്സി. സൈക്കോളജി, ബി.എ. ഇംഗ്ലീഷ്, ഹോം സയന്‍സ് തുടങ്ങിയ വിഷയങ്ങളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കേരള സർവ്വകലാശാലയിൽ ആകെ ഉള്ള 27000 ത്തോളം യു.ജി സീറ്റുകളില്‍ ഒമ്പതിനായിരത്തോളം സീറ്റുകളും കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ബി.എസ്സി.ക്കു കോഴ്സുകൾക്ക് പത്തില്‍ താഴെ സീറ്റില്‍ മാത്രമേ എം.ജി.യിലെ ചില കോളേജുകളില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുള്ളൂ. എന്നാൽ ബി.കോം., ബി.ബി.എ. തുടങ്ങിയ കോഴ്സുകളിലൊന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. സാധാരണഗതിയിൽ തന്നെ അപേക്ഷകൾ എത്തുന്നുണ്ട്.
കെമിസ്ട്രി, ഫിസിക്സ്, സുവോളജി തുടങ്ങിയ കോഴ്സുകളിൽ എം.ജി സര്‍വകലാശാലയില്‍ നിലവിൽ 4539 സീറ്റുകളാണ് ഉള്ളത്. ഇതിൽ തന്നെ 53 ശതമാനം സീറ്റുകളിലേക്കാണ് ഇതുവെ പ്രവേശനം നടന്നിട്ടുള്ളത്. കൂടുതല്‍ ഒഴിവുകൾ ശാസ്ത്രവിഷയങ്ങളിലാണ്. ബി.എസ്എസ്സി മാത്തമാറ്റിക്സിന് 2173 സീറ്റുള്ളതില്‍ 75 ശതമാനത്തിലും വിദ്യാർത്ഥികൾ ഇല്ല. എം.ജി.യിലെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ മുഖ്യഘട്ട അലോട്മെന്റ് കഴിഞ്ഞപ്പോള്‍ 65 ശതമാനം സീറ്റിൽ മാത്രമേ വിദ്യാര്‍ഥികൾ എത്തിയിട്ടുള്ളു. 40,000 സീറ്റുകൾ ഉള്ള സ്വാശ്രയ കോളേജുകളില്‍ 70 ശതമാനവും ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടാഴ്ച കൂടി മാത്രം പ്രവേശനത്തിനായി സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലെ പ്രശ്‌നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് വിവിധ സര്‍വകലാശാലകള്‍.
പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍
സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.
പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...