കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; കത്ത് വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്ന്‍ സരിത

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Last Updated : Aug 3, 2018, 02:33 PM IST
കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി; കത്ത് വ്യാജമെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്ന്‍ സരിത

കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുഖ്യപ്രതി സരിതാ നായരുടെ കത്തിനോടൊപ്പം പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി. ഗണേശ് കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കാതിരുന്നതിനുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. സരിത ജയിലില്‍ ആയിരുന്നപ്പോള്‍ എഴുതിയ കത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍വേണ്ടി 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്. 

കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച്‌ സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്.

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സരിതയും എത്തി. കത്ത് താനെഴുതിയതാണെന്നും ആരും തന്നെ പിന്തുണച്ചിട്ടില്ല എന്നും സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുകയാണ്, തെളിവുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി പുറത്തുവിടട്ടേയെന്നും അവര്‍ പറഞ്ഞു. കത്തെഴുതിയത് താന്‍ തന്നെയാണെന്നുള്ളതിന് തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സരിത ജയിലില്‍ നിന്നും 21 പേജുള്ള കത്താണ് തന്നെ ഏല്‍പ്പിച്ചതെന്നും, പിന്നീട് ഗണേഷിന്‍റെ നിര്‍ദേശ പ്രകാരം നാലുപേജുകള്‍ കൂട്ടി ചേര്‍ക്കുകയായിരുന്നു എന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. 

 

Trending News