ന്യൂഡല്‍ഹി: ശബരിമല വിധിയുടെ പുന:പരിശോധനാ ഹര്‍ജികളല്ല വിശാല ബെഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.
വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അല്ല വിശാല ബെഞ്ച് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞു.
വിശാല ബെഞ്ചിലേക്ക് വിട്ട ഏഴ് ചോദ്യങ്ങള്‍ ശബരിമല പുനപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്നും ഭരണഘടന വിഷയങ്ങള്‍ ഉള്ള പല കേസുകളിലെ സാഹചര്യമാണ് വിശാല ബെഞ്ച് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രശ്‌നങ്ങള്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനു വിട്ടതിന്‍റെ സാധുതയെക്കുറിച്ചുള്ള വാദത്തിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പുനപരിശോധന ഹര്‍ജി പരിഗണിക്കവെ സമാനമായ മറ്റ് വിഷയങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ എന്തുകൊണ്ട് പരിശോധിച്ചുകൂടായെന്ന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ചോദിച്ചു.
എന്നാല്‍ സോളിസിറ്റര്‍ ജനറലിന്‍റെ വാദം അസംബന്ധമാണെന്ന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ പറഞ്ഞു. ശബരിമല കേസ് അദ്യം പരിഗണിച്ച മൂന്നംഗ ബെഞ്ചാണ് ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജിയുടെ സാധ്യത പരിമിതമാണെന്നും നരിമാന്‍ വാദിച്ചു.
ഇതാദ്യമായാണ് സുപ്രീംകോടതിയിലെ ഭരണപരമായ ഉത്തരവ് ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്നത്.
ഒരു കേസില്‍ വിധി വന്നുകഴിഞ്ഞാല്‍ ആ കേസില്‍ പുന:പരിശോധനാ ഹര്‍ജി വരുമ്പോള്‍ അത് അംഗീകരിച്ചിട്ട് കേസ് പരിശോധിക്കാമെന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് പോകാനാകില്ലെന്നാണ് നരിമാന്‍ വാദിച്ചത്.