സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു; വിമർശിച്ച് കെ.സുരേന്ദ്രൻ

കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Jul 30, 2022, 05:50 PM IST
  • വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാൻ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്
  • കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്
  • തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്
സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു; വിമർശിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാനാവാത്തതരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്. കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കോവളത്ത് സംസ്ഥാനത്തെ ബിജെപി കോർപ്പറേഷൻ കൗൺസിലർമാരുടെ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

വികസനകാര്യത്തിന് വേണ്ടി സംസ്ഥാന വിഹിതം നീക്കിവെക്കാൻ പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് എല്ലാ കാര്യങ്ങളും തദ്ദേശ ജനപ്രതിനിധികളുടെ തലയിലിടുകയാണ് സംസ്ഥാനം ചെയ്തത്. സർക്കാർ ഒരു സഹായം പോലും ജനപ്രതിനിധികൾക്ക് നൽകിയില്ല.

തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വ്യാപകമായ കൊള്ളയാണ് സിപിഎം നടത്തുന്നത്. പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ്‌ എല്ലാ കോർപ്പറേഷനിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ചമച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുകയാണ് സിപിഎം നേതാക്കൾ. ഭീകരമായ കൊള്ളയ്ക്കുള്ള വേദിയാക്കി തദ്ദേശസ്ഥാപനങ്ങളെ മാറ്റുകയാണിവർ. - സുരേന്ദ്രൻ പറഞ്ഞു.

നേമം കോച്ചിംഗ് ടെർമിനൽ കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നുവെന്ന പ്രചരണത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാർ നേമം ടെർമിനൽ യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ആലി നാദാപുരത്ത് പോയ പോലെയാണ് സംസ്ഥാന മന്ത്രിമാർ ഡൽഹിക്ക് പോയത്. രാഷ്ട്രീയ പ്രേരിതമായ നാടകത്തിനാണ് മന്ത്രിമാർ ഖജനാവിലെ പണം ഉപയോഗിക്കുന്നത്.

കെ-റെയിൽ പദ്ധതിയെ തടയാൻ യുഡിഎഫ് ഒന്നും ചെയ്തിട്ടില്ല. കേരളത്തിനെ നശിപ്പിക്കുന്ന വലിയ അഴിമതിക്ക് വേണ്ടിയുള്ള ഈ ഗൂഢാലോചന തടഞ്ഞത് ബിജെപിയാണ്. കേന്ദ്രത്തിൽ കേരള ബിജെപി നടത്തിയ ഫലപ്രദമായ ഇടപെടൽ കാരണമാണ് സിൽവർലൈൻ പദ്ധതി ഇല്ലാതായത്. എന്നാൽ ഇതിന്റെയൊക്കെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 

സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും ഈ സർക്കാർ വെള്ളംകുടിക്കുക തന്നെ ചെയ്യും.  ഭരണഘടനയെ അവഹേളിച്ച് പുറത്തായ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ മറ്റു മന്ത്രിമാരുടെ സ്റ്റാഫുകളിലായി പുനരധിവസിക്കപ്പെട്ടു. സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മികത യുഡിഎഫിനില്ല. പ്രതിപക്ഷ നേതാവിന് അതിലധികം സ്റ്റാഫാണുള്ളതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

സഹകരണ ബാങ്ക് കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്. ഈ പ്രശ്നം ആദ്യമായി ആർബിഐക്ക് മുമ്പിൽ കൊണ്ടുവന്നത് ബിജെപിയാണ്. കെവൈസി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണ്. ഈ കൊള്ളക്കെതിരെ കോൺഗ്രസിന് മിണ്ടാൻ പറ്റുമോ? 

കേരളത്തിൽ ആയിരക്കണക്കിന് ബാങ്കുകളിൽ കൊള്ള നടക്കുന്നുണ്ട്. അവിടെയെല്ലാം നിക്ഷേപകരെ സംഘടിപ്പിച്ച് ബിജെപി സമരം ചെയ്യും. ആയിരക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ലീഗ് നേതാക്കൾ മലപ്പുറത്തെ സിപിഎം നിയന്ത്രിക്കുന്ന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. സഹകരണ ബാങ്കുകളിലെ അഴിമതിയുടെ കാര്യത്തിലും ഇരുമുന്നണികളും സഹകരണത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News