സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കര്‍ശന നടപടിയെന്ന് ഡിജിപി

തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്.   

Last Updated : Oct 27, 2018, 10:00 AM IST
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 

അന്വേഷണ ചുമതല സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. 

തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ലയെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം ഞാന്‍ ഭയപ്പെടുന്നില്ലെന്നും സ്വാമി പ്രതികരിച്ചു.

Trending News