ഹാമര്‍ തലയില്‍വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി!!

മൂന്നാഴ്ച്ചയോളം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫീല്‍. 

Last Updated : Oct 21, 2019, 05:24 PM IST
ഹാമര്‍ തലയില്‍വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി!!

കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.

പാലാ സെയിന്‍റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഫീൽ ജോണ്‍സനാണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. 

പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെയാണ് വിദ്യാര്‍ത്ഥിയ്ക്ക് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. 

ഹാമര്‍ത്രോ മത്സരത്തിനിടെ മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ച്, വൊളന്‍റിയറായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. 

മൂന്നാഴ്ച്ചയോളം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫീല്‍. 

ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍ വിദ്യാര്‍ത്ഥിയെറിഞ്ഞ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് വരികയായിരുന്നു. 

സമാന്തരമായി ഉണ്ടായിരുന്ന ഹാമര്‍ കോര്‍ട്ട് മുറിച്ച് കടക്കവെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെറിഞ്ഞ ഹാമര്‍ കുട്ടിയുടെ തലയില്‍വീഴുകയായിരുന്നു. 

സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. 

മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

അപകടത്തെ തുടര്‍ന്ന് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങളും മാറ്റിവെച്ചിരുന്നു.

പൂജാ അവധി വരുന്നതിനാല്‍ പെട്ടെന്ന് ഇനങ്ങള്‍ തീര്‍ക്കാനാണ് ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമാന്തരമായി നടത്തിയത്. ഇതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു സംഘാടകരായ കേരള അത്ലറ്റിക് അസോസിയേഷന്‍ ഓണററി സെക്രട്ടറി പിഐ ബാബുവിന്‍റെ പ്രതികരണം.

Trending News