ചൂട് കടുക്കുന്നു; ഇന്നും നാളെയും അതീവ ജാഗ്രത!!

സൂര്യാതാപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.   

Last Updated : Mar 25, 2019, 10:49 AM IST
ചൂട് കടുക്കുന്നു; ഇന്നും നാളെയും അതീവ ജാഗ്രത!!

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  11 ജില്ലകളിലെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് 4 ഡിഗ്രി വരെ തപനില ഉയരാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്.  തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ശരാശരി താപനിലയില്‍ നിന്നും 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

സൂര്യാതാപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ചൂട് കൂടിയതിനാല്‍ വൈറസുകളും ഫംഗസുകളും കൊതുകും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 

മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു.

വേനല്‍ മഴ അകന്നുനില്‍ക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നതുമാണ് സംസ്ഥാനം ചുട്ടുപൊള്ളാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ 118 പേർക്കാണ് സൂര്യാഘാതമേറ്റത്.

സൂര്യാഘാതത്തിനു പുറമേ ചിക്കൻപോക്സ്, കോളറ, ഡെങ്കിപ്പനി തുടങ്ങീ സാംക്രമിക രോഗങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. 

രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ യാത്ര ചെയ്യുന്നവര്‍ കുടിവെള്ളം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. 

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

Trending News