സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും

ഉദ്ഘാടന പ്രസംഗത്തിനിടയിൽ കെഎംആർഎല്ലിന്‍റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു.   

Last Updated : Feb 21, 2019, 02:45 PM IST
സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും

കൊച്ചി: ബിജെപി രാജ്യ സഭാംഗം സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെഎംആർഎല്ലിന്‍റെ ആവശ്യത്തിനെ തുടർന്നാണ് സുരേഷ് ഗോപി എംപി സമ്മതം അറിയിച്ചത്.

കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാൻഡ് അംബാസഡർ ആകണമെന്ന് ആവശ്യപ്പെട്ടത്.  

തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടയിൽ കെഎംആർഎല്ലിന്‍റെ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു. മെട്രോ ചാലക്കുടി മുതൽ ചേർത്തല വരെയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. 

ഇ.കെ നായനാർ കൊണ്ട് വന്ന ഹോവർ ക്രാഫ്റ്റ് ജലഗതാഗത പദ്ധതിക്ക് തുരങ്കം വച്ചവരുടെ നാടാണ് കേരളമെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചി മെട്രോയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്‍റെ കൂടി സഹായത്തോടെ വിശകലനം ചെയ്ത് യാത്രക്കാർക്ക് കൂടുതൽ അനുബന്ധ യാത്രാ സൗകര്യം ഒരുക്കാനുള്ളതാണ് പുതിയ പദ്ധതി.  

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെ രാജഗിരി കോളേജും തൃശ്ശൂർ ജ്യോതി കോളേജും ചേർന്നാണ് പദ്ധതി തയ്യാറാക്കുന്നത്. രഹസ്യ സ്വഭാവം സൂക്ഷിച്ച് ഈ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറാനും ആലോചിക്കുന്നുണ്ട്. കൊച്ചി മെട്രോയിൽ എംജി റോഡ് മുതൽ ആലുവ വരെ സുരേഷ് ഗോപി സഞ്ചരിക്കുകയും ചെയ്തു.

Trending News