മലപ്പുറം: താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് എം ഡി എം എയാണോ എന്നാണ് സംശയം.
ലഹരി കേസില്‍ പോലീസ് പിടികൂടിയ തിരുരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. താനൂര്‍ ദേവധാര്‍ പലത്തിന് സമീപം വെച്ച് ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 18 ഗ്രാമില്‍ അധികം എം ഡി എം എയാണ് പിടികൂടിയിരുന്നത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു.
ALSO READ: സ്കൂളിൽ പോകും വഴി പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കണ്ണൂരിൽ
താമിര്‍ ജിഫ്രി ഉള്‍പ്പടെ ലഹരിയുമായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് തിങ്കളാഴ്ച്ച വൈകുന്നേരം 3:30 നാണ്. ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45 നാണ്. അതുവരെ പോലീസ് ക്വാർട്ടേഴ്സില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചെന്ന ആരോപണവും ശക്തമാണ്. താനൂര്‍ കസ്റ്റഡി മരണത്തില്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണവും നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...