തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ രാജിക്കൊരുങ്ങി ഡി ആർ അനിൽ. സി പി എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടി. നിലവിൽ നഗരസഭാ പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമാണ് ഡി ആർ അനിൽ. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും അനിൽ ഒഴിയും. സമരം ഒത്തുതീർപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വിളിച്ച യോഗം ഉടൻ ചേരും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗമാണ് മന്ത്രി വിളിച്ചുചേർത്തത്.
തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ നിയമന ശുപാർശയുമായുള്ള കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് ഡി ആർ അനിൽ നൽകിയ കത്തും പുറത്ത് വന്നത്. എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള കത്തായിരുന്നു അനിലിന്റെ പേരിൽ പുറത്ത് വന്നത്. ആ കത്ത് താൻ തയ്യാറാക്കിയിരുന്നുവെന്നും ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും അനിലിന്റെ മൊഴിയിലുണ്ടായിരുന്നു.
എസ് എ ടി ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ വിശദീകരണം. വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...